കെ റെയിൽ: ഹൈക്കോടതിയിൽ സർക്കാരിന് നിർണായക ദിനം; സുപ്രധാന ഹർജി ഇന്ന് പരിഗണിക്കും

  • 03/02/2022

കൊച്ചി: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ഹൈക്കോടതി സിംഗിൾ ബെഞ്ചിൻറെ ഇടക്കാല ഉത്തരവ് ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച അപ്പീൽ ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. അപ്പീൽ ഹർജി ഇന്നലെ പരിഗണനയ്ക്ക് വന്നെങ്കിലും ഡിവിഷൻ ബെഞ്ച് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഹർജിക്കാരുടെ ഭൂമിയിൽ കെ റെയിലിനായി സർവേ നടത്തരുതെന്നായിരുന്നു ഹൈക്കോടതിയുടെ  ഇടക്കാല ഉത്തരവ്.

ഈ തീരുമാനം സിൽവർ ലൈൻ പദ്ധതിയുടെ മുന്നോട്ടുളള പോക്കിനെ അട്ടിമറിക്കുമെന്നും സാമൂഹികാഘാത പഠനത്തെ തടസപ്പെടുത്തുമെന്നുമാണ് സർക്കാർ വാദം. പദ്ധതിക്കായി  ഡിപിആർ തയാറാക്കിയത് എങ്ങനെയെന്ന് വിശദീകരിക്കണമെന്ന സിംഗിൾ ബെഞ്ച് നിർദേശം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

സിൽവർ ലൈൻ പദ്ധതിക്ക് നിലവിലെ സാഹചര്യത്തിൽ അനുമതി നൽകാനാകില്ലെന്ന കേന്ദ്ര നിലപാടിനെ ധനമന്ത്രി കെ എൻ ബാലഗോപാൽ ഇന്നലെ തള്ളിയിരുന്നു. സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രാനുമതിയുണ്ടെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പദ്ധതിക്ക് നേരത്തെ 2019  ഡിസംബറിൽ തത്വത്തിൽ അനുമതി ലഭിച്ചുവെന്നും കേന്ദ്രത്തിന്റെ കത്ത് വായിച്ച് ബാലഗോപാൽ വിശദീകരിച്ചു.

Related News