തുടലിൽ കുടുങ്ങി ചത്ത വളർത്തുനായയെയും വലിച്ചു മറ്റൊരു നായ; നൊമ്പരക്കാഴ്ചയായി രണ്ട് നായ്ക്ക്ൾ

  • 03/02/2022

പത്തനംതിട്ട: തുടലിൽ കുടുങ്ങി ചത്ത വളർത്തുനായയെയും വലിച്ചു മറ്റൊരു നായ. ഇന്നലെ രാവിലെ 11നാണ് ചാത്തൻതറയ്ക്കും കൊല്ലമുളക്കും മധ്യേ 15 പള്ളിപ്പടിയിൽ ചത്ത നായയെയെയും വലിച്ച് മറ്റൊരു നായ നടക്കുന്നത് നാട്ടുകാർ കണ്ടത്. നായയെ മോചിപ്പിക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെ മോചിപ്പിക്കാൻ ശ്രമിച്ച ഒരാൾക്ക് കടിയുമേറ്റു. തുടർന്ന് സമീപവാസികൾ നായയെ കെട്ടിയിട്ടു. ഇരുനായകളും ഒരു തുടലിൽ കുടുങ്ങിയതാണ് അപകടകാരണമായത്.

സംഭവമറിഞ്ഞ് വെച്ചൂച്ചിറ ഇൻസ്പെക്ടർ ജർലിൻ വി.സ്‌കറിയയുടെ നേതൃത്വത്തിൽ പൊലീസും മൃഗ സ്നേഹികളുടെ സംഘടനയായ 'ആരോ' പ്രവർത്തകരുമെത്തി രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചു. ജീവനുള്ള നായയെ അനുനയിപ്പിച്ച് ചത്തതിനെ തുടലിൽനിന്ന് മോചിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. 2.30ന് നായയെ ബലമായി പിടികൂടി അര ഭാഗത്ത് കുടുങ്ങിയ തുടൽ അഴിച്ചെടുക്കുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനിടെ 'ആരോ' പ്രവർത്തകനായ ആൽവിനും കടിയേറ്റു. ചത്ത നായയെ പിന്നീട് കുഴിച്ചിട്ടു.

ഇതിനിടെ ചത്ത നായയുടെ ഉടമയെ പൊലീസ് കണ്ടെത്തി. വളർത്തുനായയെ കെട്ടിയിട്ടിരിക്കുകയായിരുന്നെന്നും എവിടെനിന്നോ വന്ന മറ്റൊരു നായ തുടലിൽ കുരുങ്ങുകയായിരുന്നെന്നും ഉടമ അറിയിച്ചു. നായ്ക്കളെ മോചിപ്പിക്കാൻ ശ്രമിച്ചെങ്കിലും കഴിയാതെവന്നതോടെ തുടൽ അഴിച്ചു വിട്ടപ്പോൾ വളർത്തുനായയെയും വലിച്ചുകൊണ്ട് കുടുങ്ങിയ നായ ഓടുകയായിരുന്നു. 

ഓട്ടത്തിനിടെയാവാം വളർത്തുനായ ചത്തതെന്നും ഉടമ പറഞ്ഞതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ കേസെടുത്തിട്ടില്ല. ജീവനുള്ള നായയുടെ ഉടമയെ കണ്ടെത്താനും കഴിഞ്ഞിട്ടില്ല.

Related News