ഭക്ഷണത്തിലും വെള്ളത്തിലും മരുന്ന് കലർത്തി ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമം; ഭാര്യ അറസ്റ്റിൽ

  • 04/02/2022

പാല:  ഭക്ഷണത്തിലും വെള്ളത്തിലും നിരന്തരം മരുന്ന് കലർത്തി ഭർത്താവിനെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭാര്യ അറസ്റ്റിൽ. പാലാ മീനച്ചിൽ പാലക്കാട് സതീമന്ദിരം വീട്ടിൽ ആശാ സുരേഷ് ആണ് അറസ്റ്റിലായത്. യുവതിയെ വിവാഹം കഴിച്ച തിരുവനന്തപുരം സ്വദേശിയും ഇപ്പോൾ പാലായിൽ താമസക്കാരനുമായ 38 വയസുള്ള സതീഷ്  ആണ് പരാതിയുമായി വ്യാഴാഴ്ച പോലീസിനെ സമീപിച്ചത്. പരാതിയിൽ അന്വേഷണം നടത്തിയ പാലാ പോലീസിന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്.

2006 ലാണ് തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിയായ യുവാവ് പാലാ മുരിക്കുംപുഴ സ്വദേശിയായ യുവതിയെ വിവാഹം കഴിക്കുന്നത്. അതിനുശേഷം 2008ൽ യുവാവ് മുരിക്കുംപുഴയിലുള്ള ഭാര്യ വീട്ടിൽ താമസമാക്കുകയും സ്വന്തമായി പ്രമുഖ ഐസ്‌ക്രീം കമ്പനിയുടെ ഡിസ്ട്രിബ്യൂഷന് ആരംഭിക്കുകയും ചെയ്തു. 2012ൽ ഇവർ പാലക്കാട്ട്  സ്വന്തമായി വീട് വാങ്ങി അങ്ങോട്ട് മാറുകയും ചെയ്തു. വിവാഹം കഴിഞ്ഞു കുറച്ചു വർഷങ്ങൾ  കഴിഞ്ഞത് മുതൽ ഭാര്യ നിസാര കാര്യങ്ങളെ ചൊല്ലി പിണങ്ങുന്നത് പതിവായിരുന്നതായി യുവാവ് പറയുന്നു.

പരാതിക്കാരനായ യുവാവിന് തുടർച്ചയായി അനുഭവപ്പെടുന്ന ക്ഷീണത്തെ തുടർന്ന് ഡോക്ടറെ കാണുകയായിരുന്നു. ഷുഗർ താഴ്ന്നു പോയതാകാം കാരണം എന്ന് കരുതി മരുന്ന് കഴിച്ചെങ്കിലും കുറവുണ്ടായില്ല. എന്നാൽ 2021 സെപ്റ്റംബർ മാസത്തിൽ 20 ദിവസത്തോളം വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കാതെ പുറത്തു നിന്ന് കഴിച്ചപ്പോൾ ക്ഷീണം ഒന്നും തോന്നാതിരുന്നതിനാൽ തോന്നിയ സംശയം ആണ് ഈ കേസിലേക്ക് വഴിത്തിരിവായത്. 

യുവാവ് ഭാര്യയുടെ കൂട്ടുകാരിയായ യുവതിയോട് ഇതിനെക്കുറിച്ച് സംസാരിക്കുകയും ഭാര്യയോട് എന്തെങ്കിലും മരുന്ന് തനിക്ക് തരുന്നുണ്ടോ എന്ന് ചോദിച്ചറിയണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. അതനുസരിച്ച് കൂട്ടുകാരി ഭാര്യയോട് തിരക്കിയപ്പോഴാണ് 2015 മുതൽ ഭർത്താവിന് മാനസികരോഗത്തിനുള്ള മരുന്ന് ദിവസവും ഭക്ഷണത്തിൽ കലർത്തി നൽകുന്നതായി പറയുകയായിരുന്നു. മരുന്നിന്റെ ഫോട്ടോ കൂട്ടുകാരിക്ക് ഭാര്യ വാട്സാപ്പിൽ അയച്ചു നൽകുകയും ചെയ്തു. തുടർന്ന് ഭർത്താവ് സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു. 

ജില്ലാ പോലീസ് മേധാവി പരാതി പാലാ ഡിവൈ.എസ്.പി ഷാജു ജോസിന് അയച്ചു കൊടുക്കുകയും പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി പരാതി അന്വേഷിച്ച പോലീസിന് കാര്യങ്ങൾ ബോധ്യപ്പെടുകയും ഭാര്യക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് വീട് റെയ്ഡ് ചെയ്ത് മരുന്ന് പിടിച്ചെടുക്കുകയും ചെയ്തു. തുടർന്ന് യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

ജില്ലാ പോലീസ് മേധാവിയുടെ നിർദേശാനുസരണം പാലാ ഡി.വൈ.എസ്.പി.ഷാജു ജോസിന്റെ നേതൃത്വത്തിൽ പാലാ എസ് എച്ച് ഒ.കെ.പി.ടോംസൺ, എസ്.എ.അഭിലാഷ് എം.ഡി, എ.എസ്.എ ജോജൻ സീനിയർ സിവിൽ പോലീസ് ഓഫീസർ സുമേഷ്, വനിതാ പോലിസ് ബിനുമോൾ, ലക്ഷ്മി രമ്യ തുടങ്ങിയവർ ചേർന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്.

Related News