പൊതുസ്ഥലങ്ങളിലും, പൊതു നിരത്തുകളിലും പൊങ്കാല ഇടാൻ അനുവദിക്കില്ല; പ്രത്യേക അവലോകനയോഗം ഇന്ന്

  • 05/02/2022

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇന്ന് പ്രത്യേക അവലോകനയോഗം ചേരും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് ചേരുന്ന യോഗത്തിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പങ്കെടുക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല പരിമിതമായ രീതിയിൽ നടത്താൻ തീരുമാനിച്ചതായി സർക്കാർ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം എടുത്തത്. പൊതുസ്ഥലങ്ങളിലും, പൊതു നിരത്തുകളിലും പൊങ്കാല ഇടാൻ അനുവദിക്കില്ല. വീടുകളിൽ പൊങ്കാലയിടാം. ക്ഷേത്ര പരിസരത്ത് പൊങ്കാല പ്രമാണിച്ച് വിവിധ വകുപ്പുകളുടെ ഏകോപനത്തിനും കോവിഡ് പ്രോട്ടോകോൾ ഉറപ്പ് വരുത്തുന്നതിനുമായി ക്രമീകരണങ്ങൾ ഏർപ്പെടുത്തും.

എന്നാൽ വീട്ടുവളപ്പുകളിൽ ഇടുന്ന പൊങ്കാല റോഡിലേക്ക് വ്യാപിക്കുവാൻ അനുവദിക്കുന്നതല്ല. കൂടാതെ വീട്ടുടമസ്ഥൻ സ്വന്തം നിലയ്ക്ക് തന്നെ വീടുകളിലെ പൊങ്കാല വലിയ ആൾക്കൂട്ടത്തിന് ഇടവരുത്താതെ കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിച്ച് നിർവഹിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ, ഗതാഗത മന്ത്രി ആന്റണി രാജു, മേയർ ആര്യാ രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്ത അവലോകന യോഗമാണ് ക്രമീകരണങ്ങളോടെ പൊങ്കാല നടത്താൻ തീരുമാനിച്ചത്. ക്ഷേത്രത്തിലെ ആചാരപരമായ എല്ലാ ചടങ്ങുകളും ആൾക്കൂട്ടങ്ങൾക്ക് ഇടവരാതെ കൊവിഡ് മാനദണ്ഡം കർശനമായി പാലിച്ച് പരിമിത എണ്ണം ആളുകളെ മാത്രം പങ്കെടുപ്പിക്കണമെന്നും യോഗം തീരുമാനിച്ചതായാണ് വിവരം.

Related News