കൊച്ചി നഗരത്തിൽ കൊലപാതകശ്രമം; 'ഓട്ടോ റാണി'യും എം.സി.എ. വിദ്യാർഥിയായ മകനും അറസ്റ്റിൽ

  • 06/02/2022

കൊച്ചി: രണ്ടാഴ്ചമുമ്പ് നഗരത്തിൽ നടന്ന കൊലപാതക ശ്രമക്കേസിൽ അമ്മയും മകനും അറസ്റ്റിൽ. ആലുവ കോമ്പാറ സാക്ഷരത റോഡ് ചാലപാടം ബാബു കരിമുട്ടം ഹൗസിൽ സാവിയോ ബാബു (22), അമ്മ ഓട്ടോ റാണി എന്ന് വിളിക്കുന്ന സോളി ബാബു (42) എന്നിവരാണ് അറസ്റ്റിലായത്. സാവിയോ എം.സി.എ. വിദ്യാർഥിയാണ്.

എറണാകുളം ജോസ് ജങ്ഷന് സമീപം ചെരുപ്പുകുത്തി ജീവിക്കുന്ന ജോയിയേയാണ് സോളിയുടെ നിർദേശപ്രകാരം ഇക്കഴിഞ്ഞ 24-ന് സാവിയോ വെട്ടി പരിക്കേൽപ്പിച്ചത്. ബേസ് ബോൾ ബാറ്റ് കൊണ്ട് ജോയിയെ അടിച്ചുവീഴ്ത്തി തലയ്ക്കും കൈയ്ക്കും വെട്ടുകയായിരുന്നു.

സൗത്ത് ഗേൾസ് ഹൈസ്‌കൂളിന് സമീപം ഓട്ടോറിക്ഷ ഓടിച്ചിരുന്ന സോളി, നാലുമാസം മുമ്പ് ജോയിയുമായി വഴക്കുണ്ടാക്കിയിരുന്നു. ജോയിയുടെ അടികൊണ്ട് സോളിയുടെ കൈയൊടിഞ്ഞു. കേസിൽ ജോയിയേയും കൂട്ടുപ്രതി പല്ലൻ ബാബുവിനെയും റിമാൻഡ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ജോയി സൗത്തിൽ ചെരിപ്പ് കുത്തി ജീവിക്കുകയായിരുന്നു. ഇതിനിടെ സോളി മറൈൻഡ്രൈവ് ഭാഗത്തേക്ക് മാറി.

ഇവിടെ ഒരു കവർച്ചക്കേസിൽ സോളി ജയിലിലായതിനു പിറകിൽ ജോയി ആണെന്നാണ് സോളി വിശ്വസിച്ചിരുന്നത്. ജോയിയുടെ കൈയും കാലും തല്ലിയൊടിക്കുന്നതിന് മദ്യവും പണവും നൽകി സോളി ക്വട്ടേഷൻ നൽകിയെങ്കിലും നടന്നില്ല. തുടർന്നാണ് മകനെ കൂട്ടി ആക്രമണം ആസൂത്രണം ചെയ്തത്.

Related News