തെങ്ങിന് തടം എടുക്കുന്നതിനിടയിൽ മൺകലം കണ്ടു, തുറന്നപ്പോൾ സ്വർണനിധി!; കിട്ടിയത് മലപ്പുറത്തെ തൊഴിലുറപ്പുകാർക്ക്

  • 06/02/2022

മലപ്പുറം: തെങ്ങിന് തടം എടുക്കുന്നതിനിടയിൽ വീട്ടുവളപ്പിൽനിന്നു സ്വർണനിധി കണ്ടെത്തി. നാണയങ്ങളുടെയും മറ്റും രൂപത്തിലുള്ള നിധിയാണ് കണ്ടെത്തിയത്. മൺകലത്തിനുള്ളിൽ ലോഹപ്പെട്ടിയിൽ അടച്ച നിലയിലായിരുന്നു ഇവ. പുരാവസ്തു വകുപ്പ് ഏറ്റെടുത്ത നിധി ജില്ലാ ട്രഷറിയിലേക്കു മാറ്റി.

പൊന്മളയിലെ മണ്ണഴി കോട്ടപ്പുറത്ത് കാർത്ത്യായനിയുടെ പുരയിടത്തിലാണ് നിധി കണ്ടെത്തിയത്. നിയമനടപടികൾ പൂർത്തീകരിച്ചശേഷം ലോഹപ്പെട്ടിയുൾപ്പെടെയുള്ള വസ്തുക്കൾ വില്ലേജ് ഓഫീസ് ജീവനക്കാർ ജില്ലാ സിവിൽസ്റ്റേഷനിലെ ട്രഷറിയിൽ ഏൽപ്പിച്ചു. പരിശോധനകൾക്ക് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പുരാവസ്തുവകുപ്പ് അറിയിച്ചു.

ശനിയാഴ്ച ഉച്ചയോടെയാണ് തൊഴിലുറപ്പുതൊഴിലാളികൾ ഒരു മൺകലം കണ്ടെത്തുന്നത്. നിധി കണ്ടെത്തുമ്പോൾ കാർത്ത്യായനിയും കുടുംബവും സ്ഥലത്തില്ലായിരുന്നു. കലത്തിനകത്തെ പെട്ടി തുറന്നുനോക്കുമ്പോൾ നിറയെ സ്വർണനിറത്തിലുള്ള നാണയങ്ങളും വളയങ്ങളും കണ്ടു. കാർത്ത്യായനിയും കുടുംബവും പഞ്ചായത്തധികൃതരെയും മറ്റും അറിയിച്ച് നിയമപ്രകാരം സർക്കാർ ഉദ്യോഗസ്ഥർക്കും കൈമാറി.

Related News