ദിലീപിന് മുൻകൂർ ജാമ്യം; പ്രോസിക്യൂഷൻ സുപ്രീംകോടതിയിലേക്ക്

  • 07/02/2022

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ദിലീപിന് മുൻകൂർ ജാമ്യം നൽകിയതിനെതിരെ പ്രോസിക്യൂഷൻ സുപ്രീംകോടതിയിലേക്ക്. സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഉടൻ സുപ്രീംകോടതിയെ സമീപിക്കാനാണ് തീരുമാനം. ദിവസങ്ങൾ നീണ്ട വിചാരണയ്ക്ക് ഒടുവിൽ ഇന്ന് രാവിലെ പത്തരയോടെയാണ് കോടതി ദിലീപിന് മുൻകൂർ ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്. 

പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്റെ വാദം തള്ളിയാണ് കോടതിയുടെ ഉത്തരവ്. ജാമ്യം ഉപാധി ലംഘിച്ചാൽ പ്രോസിക്യൂഷന് അറസ്റ്റ് അപേക്ഷയുമായി കോടതിയെ സമീപിക്കാം എന്ന് കോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. കർശന ഉപാധികളോടെയാണ് ദിലീപിന് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ഏതെങ്കിലും തരത്തിൽ ദിലീപ് ചോദ്യം ചെയ്യല്ലുമായി സഹകരിക്കുന്നില്ല എങ്കിൽ അറസ്റ്റിനായി പ്രോസിക്യൂഷന് കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി വിധിയിൽ പറയുന്നു. 

അന്വേഷണസംഘവുമായി ദിലീപും കൂടെയുള്ളവരും പരമാവധി സഹകരിക്കുന്നുണ്ടെന്ന അഭിഭാഷകൻ രാമൻപിള്ളയുടെ വാദം കോടതി മുഖവിലയ്ക്ക് എടുത്തതോടെയാണ് ദിലീപിന് ജാമ്യത്തിന് വഴിയൊരുങ്ങിയത്. ദിവസങ്ങളോളം ദിലീപും ഒപ്പമുള്ളവരും ചോദ്യം ചെയ്യല്ലിന് ഹാജരായതും ഇവരുടെ കൈവശമുള്ള ഫോണുകൾ കോടതിയിൽ ഹാജരാക്കിയതും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് സ്ഥാപിക്കാൻ രാമൻപിള്ള ആധാരമാക്കിയിരുന്നു. 

Related News