ലോകായുക്ത ഓർഡിനൻസിൽ ഒപ്പിട്ട സംഭവം; ഗവർണറുടെ നടപടിയെ വിമർശിച്ച് ബിജെപി നേതാക്കൾ

  • 07/02/2022

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ ഒപ്പിട്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെ വിമർശിച്ച് ബിജെപി നേതാക്കൾ രംഗത്ത്. ഓർഡിനൻസിൽ ഗവർണർ ഒപ്പിടാൻ പാടില്ലായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ വിമർശിച്ചു. ഓർഡിനൻസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ബിജെപി വ്യക്തമാക്കി. 

സർക്കാരിനെതിരേ പല വിഷയങ്ങളിലും ഗവർണർ നിലപാടെടുക്കുമ്പോൾ അദ്ദേഹത്തെ അതിശക്തമായി പിന്തുണക്കുകയാണ് സംസ്ഥാനത്ത് ബിജെപി ചെയ്തിരുന്നത്. എന്നാൽ, ലോകായുക്താ നിയമഭേദഗതി ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടതിൽ ബിജെപിക്ക് കടുത്ത അമർഷമുണ്ട്. പാർട്ടി നേതാക്കൽ എല്ലാം തന്നെ അത് പ്രകടിപ്പിക്കുന്നുണ്ട്. ഇക്കാര്യത്തിൽ സർക്കാർ അഴിമതിക്ക് കളമൊരുക്കുകയാണ് എന്നാണ് ബിജെപി നിലപാട്.

കേരളത്തിലെ ജനങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കാൻ ഓർഡിനൻസിൽ ഗവർണർ ഒപ്പുവെക്കാതെ തിരിച്ചയക്കണമായിരുന്നെന്നാണ് ബിജെപിയുടെ നിലപാട്. ഓർഡിനൻസിനെതിരേ കോടതിയെ സമീപിക്കുമെന്നുതന്നെയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ വിശദീകരിച്ചത്. എന്നാൽ അത് ഏത് തരത്തിൽ, എപ്പോൾ വേണമെന്ന് നിയമവൃത്തങ്ങളുമായി ആലോചിച്ച ശേഷമായിരിക്കും തീരുമാനിക്കുക.

Related News