മഹേഷിന് കാർ കൊടുത്താൽ പിന്നെ അത് എന്നെന്നേക്കുമായി മറന്നേക്കുക, മറിച്ചുവിൽക്കുന്നത് അടുപ്പക്കാരുടെ വാഹനങ്ങൾ മാത്രം

  • 07/02/2022

മാന്നാർ : വിവാഹം, ആശുപത്രി, തുടങ്ങിയ ആവശ്യങ്ങൾക്കെന്ന വ്യാജേന പരിചയക്കാരുടെ വാഹനങ്ങൾ എടുക്കുകയും അവ മറിച്ചു വിൽക്കുകയും ചെയ്തയാളിനെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. എണ്ണക്കാട് പെരിങ്ങലിപ്പുറം തെക്കും മുറിയിൽ ചിറമേൽ മഹേഷ് (35)ആണ് അറസ്റ്റിലായത്. 

എണ്ണക്കാട് സ്വദേശികളായ ആൻസി കമലേഷ്, സൗമ്യ കൃഷ്ണൻ, തഴക്കര സ്വദേശിയായ മനു മാത്യു എന്നിവരുടെ രണ്ട് സ്വിഫ്റ്റ് കാർ, ഒരു എർട്ടിഗ കാർ എന്നിവ 2021ഓഗസ്റ്റ്, നവംബർ മാസങ്ങളിലായി പല ആവശ്യങ്ങൾ പറഞ്ഞ് മഹേഷ് കൊണ്ടുപോയി. പിന്നീട് പലതവണ ആവശ്യപ്പെട്ടിട്ടും തികികെ ലഭിച്ചില്ല.

ഉടമകൾ മാന്നാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെത്തുടർന്ന് ജനുവരി 31ന് വാഹനങ്ങൾ തിരികെ നൽകാമെന്ന വ്യവസ്ഥയുണ്ടാക്കി. കരാർ തീയതിയിലും വാഹനങ്ങൾ കിട്ടാതെ വന്നപ്പോൾ പൊലീസ് നടത്തിയ അന്വേഷണത്തിൽ വാഹനങ്ങൾ തമിഴ്‌നാട് കമ്ബംമേട്ടിൽ വില്പന നടത്തിയെന്നറിയുകയും മഹേഷിനെ പൊലീസ്അവിടെ നിന്ന് നിന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. വാഹനങ്ങളിൽ ഒരെണ്ണം അവിടെ നിന്ന് കണ്ടെത്തുകയും ചെയ്തു. 

മാന്നാർ പൊലിസ് ഇൻസ്പെക്ടർ എസ്.എച്ച്. ഒ. ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അംഗതൻ, ശ്രീകുമാർ, അഡിഷണൽ എസ്.ഐ ബിന്ദു, സീനിയർ സിവിൽ പൊലീസ് ഓഫീസർ സജീവ്, സിവിൽ പൊലീസ് ഓഫീസർ അരുൺ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മറ്റ് രണ്ട് വാഹനങ്ങൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് മാന്നാർ പൊലീസ് അറിയിച്ചു.

Related News