മരണ ശേഷം സജീവന് നീതി; ജില്ലാ കളക്ടർ വീട്ടിലെത്തി ഭൂമി തരം മാറ്റം അനുവദിച്ച് ഉത്തരവ് കൈമാറി

  • 07/02/2022

കൊച്ചി: ഭൂമി തരം മാറ്റാൻ ഒരു വർഷത്തോളം സർക്കാർ ഓഫീസുകൾ കയറിയിറങ്ങി ഒടുവിൽ മത്സ്യത്തൊഴിലാളി മാനസിക വിഷമം മൂലം ആത്മഹത്യ ചെയ്ത സജീവന് ഒടുവിൽ നീതി. ഭൂമി തരം മാറ്റം അനുവദിച്ച് ഉത്തരവ് കൈമാറി. വൈകിട്ട് എറണാകുളം ജില്ലാ കലക്ടർ ജാഫർ മലിക്  നേരിട്ട് വീട്ടിലെത്തിയാണ് രേഖകൾ കൈമാറിയത്. മരണത്തിൽ അനുശോചനം അറിയിക്കുകയും ചെയ്തു. 

വീട്ടിൽ നിന്ന് പുറത്തിറങ്ങിയ കളക്ടർക്ക് നേരെ നാട്ടുകാർ പ്രതിഷേധിച്ചു. വാർഡ് മെമ്പർ പി എം ആന്റണിയുടെ  നേതൃത്വത്തിൽ നട്ടുകാർ കളക്ടറെ വഴിതടഞ്ഞു. മരണത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

പറവൂർ മാല്യങ്കര സ്വദേശി സജീവനാണ് കഴിഞ്ഞ ദിവസം വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ചത്. ബാങ്ക് വായ്പ ലഭിക്കുന്നതിന്,  ആധാരത്തിൽ നിലം എന്നത് പുരയിടം എന്നാക്കി മാറ്റാനിറങ്ങിയ സജീവനെ വിവിധ സർക്കാർ ഓഫീസുകൾ വട്ടംകറക്കുകയായിരുന്നു. ഒടുവിൽ കഴിഞ്ഞ ദിവസം ആർഡിഒ ഓഫീസിലെത്തിയപ്പോൾ അപമാനിച്ച് ഇറക്കിവിട്ടെന്ന് ബന്ധുക്കൾ പറയുന്നു. ഈ നാട്ടിലെ ദുഷിച്ച ഭരണ സംവിധാനവും കൈക്കൂലിയുമാണ് തൻറെ മരണത്തിന് ഉത്തരവാദിയെന്ന് കുറിപ്പ് എഴുതി വെച്ച്, ഒടുവിൽ പുരയിടത്തിലെ മരക്കൊമ്പിൽ ഒരു മുഴം കയറിൽ സജീവൻ ജീവിതം അവസാനിപ്പിക്കുകയായിരുന്നു.

Related News