കോവിഡ് ചികിത്സയ്ക്കു കേരളത്തിൽ ചെലവായത് 904 കോടി രൂപ; പകുതിയും താത്കാലിക ആരോഗ്യപ്രവർത്തകരുടെ ശമ്പളത്തിന്

  • 07/02/2022

ആലപ്പുഴ: കോവിഡ് ചികിത്സയ്ക്കായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കേരളത്തിൽ ചെലവാക്കിയത് 904.96 കോടി രൂപ. താത്കാലികമായി നിയമിച്ച ആരോഗ്യപ്രവർത്തകർക്കു ശമ്പളം നൽകാനാണ് ഇതിൽ പകുതിയും വിനിയോഗിച്ചത്. 449.7 കോടി രൂപയാണ് ഇതുവരെ ശമ്പളമായി നൽകിയത്.

മരുന്ന്, പി.പി.ഇ.കിറ്റ്, മുഖാവരണം എന്നിവയ്ക്കായി 186.80 കോടി രൂപയും രോഗനിർണയത്തിനും സാംപിളുകൾ ലാബുകളിലെത്തിക്കാനുള്ള ഗതാഗതച്ചെലവിനുമായി 78.06 കോടി രൂപയും ചെലവായി. ദേശീയ ആരോഗ്യദൗത്യം (എൻ.എച്ച്.എം.) പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ. കേന്ദ്രം 735.11 കോടിയും സംസ്ഥാനം 107.43 കോടിയുമാണ് എമർജൻസി കോവിഡ് റെസ്‌പോൺസ് പ്ലാനിൽ പ്രത്യേക പാക്കേജായി അനുവദിച്ചത്. അടിയന്തരഘട്ടങ്ങളിലായി എൻ.എച്ച്.എം. 176.03 കോടി രൂപ വേറെയും നൽകി. ഇതുൾപ്പെടെ 1018.57 കോടി രൂപയാണ് ആകെ ലഭിച്ചത്.

ആരോഗ്യമേഖലയിൽ ചെലവഴിക്കുന്ന മറ്റു തുകകൾക്കുപുറമേയാണിത്. കോവിഡ് മൂന്നാംതരംഗത്തിന്റെ തീവ്രത കുറഞ്ഞതിനാൽ ചികിത്സയ്ക്കായി അധിക തുക വേണ്ടിവരില്ലെന്നാണു കണക്കുകൂട്ടൽ. ദുരന്തനിവാരണഫണ്ടിൽനിന്ന് 67.96 കോടി രൂപ വേറെയും ചെലവഴിച്ചിട്ടുണ്ട്. താത്കാലിക ചികിത്സാകേന്ദ്രങ്ങൾ, ക്വാറന്റീൻ സൗകര്യം, കൺട്രോൾ റൂം, കോൾ സെന്റർ, ബോധവത്കരണ പ്രവർത്തനം, നിരീക്ഷണം, സാംപിൾ ശേഖരണം, കോവിഡ് രോഗികൾക്കുള്ള ഭക്ഷണം തുടങ്ങിയവയ്ക്കായാണു തുക ചെലവായത്.

Related News