പതിനൊന്നുമണിയോടെ പോയ ആൾ ഇരുപത് മിനിട്ടിനുള്ളിൽ തിരിച്ചെത്തി, കൈയിൽ മുറിവ്; വിനീതയുടെ കൊലപാതകത്തിൽ നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

  • 08/02/2022

തിരുവനന്തപുരം: പേരൂർക്കട അമ്പലമുക്കിൽ അലങ്കാര ചെടി വിൽപന കേന്ദ്രത്തിലെ ജീവനക്കാരിയുടെ കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഞായറാഴ്ച രാവിലെയാണ് കടയ്ക്കുള്ളിൽ നെടുമങ്ങാട് കരിപ്പൂർ ചാരുവിളക്കോണത്ത് വീട്ടിൽ വിനീതമോളെ (38) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

ഞായറാഴ്ച രാവിലെ പതിനൊന്നുമണിയോടെ വിനീത നിൽക്കുന്ന കടയുടെ ഭാഗത്തേക്ക് പോയ ആൾ 20 മിനിട്ടിനുളളിൽ തിരിച്ചു വന്ന ദൃശ്യങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. തിരിച്ചെത്തിയപ്പോൾ ഇയാളുടെ കൈയിൽ മുറിവുണ്ടായിരുന്നു എന്ന് സാക്ഷി മൊഴി നൽകി.

ഞായറാഴ്ച ഉച്ചയോടെ കടയുടെ ഇടതുവശത്തെ ഇടുങ്ങിയ ഭാഗത്ത് ചെടികൾക്കിടയിലാണ് വിനീതയുടെ മൃതദേഹം കണ്ടെത്തിയത്. യുവതിയെ പതിനൊന്നുമണി വരെ സമീപവാസികൾ പുറത്തുകണ്ടിരുന്നു. ഉച്ചയ്ക്ക് നഴ്സറിയിൽ ചെടിവാങ്ങാനെത്തിയവർ ആരെയും കാണാത്തതിനെ തുടർന്ന് ബോർഡിൽ എഴുതിയിരുന്ന നമ്ബരിൽ ഉടമസ്ഥനെ വിളിച്ചു.

തുടർന്ന് ഉടമ പലതവണ വിനീതയെ വിളിച്ചിട്ടും ഫോൺ എടുക്കാതായതോടെ സംശയം തോന്നി മറ്റൊരു ജീവനക്കാരിയെ ഇവിടേക്ക് പറഞ്ഞയച്ചു. ഈ ജീവനക്കാരിയാണ് മൃതദേഹം കണ്ടത്. അവധിദിവസമായ ഞായറാഴ്ച വിനീത ചെടികൾ നനയ്ക്കാനെത്തുമെന്ന് അറിയാവുന്ന ആരെങ്കിലുമായിരിക്കാം കൃത്യത്തിന് പിന്നിലെന്ന സംശയവും പൊലീസിനുണ്ട്. യുവതിയുടെ നാലരപ്പവന്റെ മാല മോഷണം പോയിട്ടുണ്ട്. എന്നാൽ വില്പനശാലയിലെ കളക്ഷൻ പണമായ 25,000 രൂപ വിനീതയുടെ ഹാൻഡ് ബാഗിൽ തന്നെയുണ്ടായിരുന്നു.

Related News