രക്ഷാപ്രവർത്തനത്തിന് രണ്ടുസംഘം, സഹായത്തിന് ഹെലികോപ്റ്ററും; മലയിൽ കുടുങ്ങിയ ബാബുവിനെ ഉച്ചയോടെ താഴെയെത്തിക്കാനായേക്കും

  • 08/02/2022

പാലക്കാട്: പാലക്കാട് മലമ്പുഴയിൽ കൂർമ്പാച്ചി മലയിൽ കുടുങ്ങിയ യുവാവിനെ തിരിച്ചെത്തിക്കാനുള്ള രക്ഷാദൗത്യം അവസാന ഘട്ടത്തിൽ. കരസേനയുടെ രണ്ട് ദൗത്യസംഘങ്ങളിൽ ഒന്ന് മലയുടെ മുകളിലെത്തിയതായാണ് വിവരം. അവരോടൊപ്പം ബാബുവിനെയും മുകളിൽ എത്തിച്ചു. ബാബുവിന് പ്രാഥമിക ശുശ്രൂഷ നൽകി. 11 മണിക്കുള്ളിൽ രക്ഷാപ്രവർത്തനം പൂർത്തീകരിക്കാൻ കഴിയുമെന്നാണ് കരുതുന്നത്.

രക്ഷാദൗത്യത്തിന് 30 അംഗ സംഘമാണ് രംഗത്തുള്ളത്. രണ്ട് സംഘമായാണ് ഇവർ പ്രവർത്തിക്കുന്നത്. രണ്ട് ഡോക്ടർമാരും ഫോറസ്റ്റ് വാച്ചർമാരും സംഘത്തിലുണ്ട്. രക്ഷാപ്രവർത്തനത്തിനായി ഹെലികോപ്റ്റർ സഹായവും കരസേന തേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

കരസേനയുടെ രണ്ട് യൂണിറ്റുകൾ സംഭവസ്ഥലത്തുണ്ടെന്നും രക്ഷാപ്രവർത്തനം ഊർജിതമായി നടക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ഒരു സംഘം മലയുടെ മുകളിൽ നിന്നും ഒരു സംഘം മലയുടെ താഴെ നിന്നും രക്ഷപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. ഇന്ന് പകലോടെ യുവാവിനെ മലയിടുക്കിൽ നിന്നും രക്ഷപ്പെടുത്താൻ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എയർഫോഴ്സിന്റെ ഒരു ഹെലിക്കോപ്റ്ററും രക്ഷാപ്രവർത്തനത്തിന് തയ്യാറായിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

സൂലൂരിൽനിന്നും ബെംഗളൂരുവിൽനിന്നുമുള്ള കരസേനാംഗങ്ങൾ രാത്രിതന്നെ സ്ഥലത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടതനുസരിച്ചാണ് സേനയെത്തിയത്. ലഫ്. കേണൽ ഹേമന്ദ്രാജിന്റെ നേതൃത്വത്തിൽ ഒമ്പതുപേരടങ്ങിയ സംഘമാണ് സൂലൂരിൽനിന്നെത്തിയത്. തുടർന്ന്, കളക്ടർ മൃൺമയി ജോഷിയുമായും ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥുമായും ചർച്ച നടത്തിയശേഷം നാട്ടുകാരിൽ ചിലരെ ഒപ്പം കൂട്ടി കരസേനാംഗങ്ങൾ മലകയറുകയായിരുന്നു.

ബാബുവിൻറെ ആരോഗ്യനിലയിൽ ആശങ്കയ്ക്കിടയില്ലെന്നാണ് വിവരം. രാത്രിയിൽ  രക്ഷാസംഘം ബാബുവിന്റെ അടുത്ത് നിന്നും 200 മീറ്റർ അകലെവരെ എത്തിയിരുന്നു. ബാബുവുമായി ലഫ്റ്റനന്റ് കേണൽ ഹേമന്ദ് രാജ് സംസാരിച്ചു. ബാബു വെള്ളം ആവശ്യപ്പെട്ടതായും പേടിക്കേണ്ടെന്നും ഉടൻ എത്തിക്കാമെന്നും സൈന്യം അറിയിച്ചു.

കരടി അടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യമുള്ള സ്ഥലമാണ് ഇതെന്നാണ് സൈന്യം തന്നെ പുറത്തുവിട്ട ദൃശ്യങ്ങളിൽ നിന്ന് മനസിലാകുന്നത്. മൂന്ന് കരടികളെ കണ്ടതായി മല കയറിയ സൈനികൻ പറയുന്നത് പുറത്തുവിട്ട വീഡിയോയിൽ കേൾക്കാം.

Related News