കേരളത്തിൽ കൊവിഡ് പരിശോധനാനിരക്കുകൾ കുറച്ചു, പിപിഇ കിറ്റിനും എൻ 95 മാസ്‌കിനും വില കുറയും

  • 09/02/2022

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് പരിശോധനകൾക്കും പിപിഇ കിറ്റ്, എൻ 95 മാസ്‌ക് തുടങ്ങിയ സുരക്ഷാ സാമഗ്രികൾക്കും നിരക്ക് പുനഃക്രമീകരിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്  അറിയിച്ചു. ആർടിപിസിആർ പരിശോധനയ്ക്ക് ഇനി മുതൽ 300 രൂപ മാത്രമേ ഈടാക്കാവൂ. ആൻറിജൻ ടെസ്റ്റിന് 100 രൂപ, എക്സ്പെർട്ട് നാറ്റ് 2,350 രൂപ, ട്രൂനാറ്റ് 1225 രൂപ, ആർടി ലാമ്പ് 1025 രൂപ എന്നിങ്ങനെയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. എല്ലാ ചാർജുകളും ഉൾപ്പെടെയുള്ള നിരക്കാണിത്.

പിപിഇ കിറ്റ് ഒരു യൂണിറ്റിന് എക്എൽ സൈസിന് 154 രൂപയും ഡബിൾ എക്‌സ്എൽ സൈസിന് 156 രൂപയുമാണ് ഏറ്റവും കുറഞ്ഞ തുക. എക്‌സ്എൽ, ഡബിൾ എക്‌സ്എൽ സൈസിന് ഉയർന്ന തുക 175 രൂപയാണ്. എൻ 95 മാസ്‌ക് ഒരെണ്ണത്തിന് കുറഞ്ഞ തുക 5.50 രൂപയും ഉയർന്ന തുക 15 രൂപയുമാണ്. അമിത ചാർജ് ഈടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.

ആർടിപിസിആർ 500 രൂപ, ആന്റിജൻ 300 രൂപ, എക്സ്പെർട്ട് നാറ്റ് 2500 രൂപ, ട്രൂനാറ്റ് 1500 രൂപ, ആർടി ലാമ്പ് 1150 രൂപ എന്നിങ്ങനെയായിരുന്നു മുമ്പ് നിശ്ചയിച്ച നിരക്ക്.

Related News