യുഎഇ സന്ദർശനം: തടസ്സങ്ങൾ മറികടക്കാനുള്ള ഊർജ്ജംകിട്ടി; പ്രവാസികൾക്ക് നന്ദി: മുഖ്യമന്ത്രി

  • 09/02/2022

തിരുവനന്തപുരം: ഊഷ്മളമായ സ്വീകരണമാണ് യുഎഇയിൽ ലഭിച്ചതെന്നും അതിന് യുഎഇ ഭരണാധികാരികൾക്കും  പ്രവാസികൾക്കും നന്ദി അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ദുബായ് എക്സ്പോ 2020ന്റെ വേദിയിൽ ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സ്വീകരണം നൽകി. കേരളത്തിന്റെ വികസനത്തിൽ യുഎഇ നൽകിവരുന്ന പിന്തുണ അദ്ദേഹത്തോട് നന്ദി അറിയിച്ചു. കേരളത്തിൽ കൂടുതൽ നിക്ഷേപം നടത്തണമെന്ന് അദ്ദേഹത്തോട് അഭ്യർത്ഥിക്കുകയും ചെയ്തു. യുഎഇ സാമ്പത്തികകാര്യ മന്ത്രിയടക്കമുള്ള വിവിധ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. നിക്ഷേപകരെ കേരളത്തിലേക്ക് സ്വാഗതം ചെയ്തു. 

വാണിജ്യ വ്യവസായ രംഗത്തെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അബുദാബി ചേംബറിന്റെ ഉന്നതതല സംഘം കേരളം സന്ദർശിക്കും. യുഎഇയിലെ വിവിധ വ്യവസായികൾ നിക്ഷേപം വാഗ്ദ്ധാനം ചെയ്തിട്ടുണ്ട്. മലയാളി പ്രവാസികളുടെ സ്നേഹത്തിന് എന്നും കടപ്പെട്ടിരിക്കുന്നുവെന്നും വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. 

യുഎഇയിലെ പരിപാടികളെല്ലാം ഇത്തരത്തിൽ വിജയകരമായി സംഘടിപ്പിക്കുന്നതിന് ഇടയാക്കിയ രണ്ടുപേരെ കുറിച്ച് പ്രത്യേകം പറയേണ്ടതുണ്ട്. എല്ലാ കൂടിക്കാഴ്ചയിലും ഒപ്പമുണ്ടായിരുന്ന ലുലു ഗ്രൂപ്പ് ചെയർമാനും നോർക്ക് വൈസ് ചെയർമാനുമായ എം.എ.യൂസഫലിയാണ് ഒരാൾ. രാജകുടുംങ്ങളുമായുള്ള അദ്ദേഹത്തിന്റെ അടുപ്പവും സ്്നേഹവും ഈ കൂടിക്കാഴ്ചക്ക് വലിയതോതിൽ സഹായകരമായിട്ടുണ്ട്. യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീറാണ് രണ്ടാമത്തെയാൾ. അദ്ദേഹത്തിന്റെ ഇടപെടലുകളും ഈ പരിപാടികൾ സംഘടിപ്പിക്കുന്നതിന് സഹാകരമായി. രണ്ടുപേരോടും നന്ദി അറിയിക്കുന്നു. 

സംസ്ഥാനത്തിന്റെ പുരോഗതിക്കുള്ള തടസ്സങ്ങൾ മറികടക്കാനുള്ള ശ്രമങ്ങൾക്ക് വലിയ ഊർജമാണ് യുഎഇയിൽ നിന്ന് ലഭിച്ച പ്രതികരണങ്ങൾ. അതിന് ചാലകശക്തികളായത് പ്രവാസികളാണ്. എപ്പോഴും അത് അങ്ങനെ തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related News