ഖത്തറിൽ 50 വയസ്സുകാരനായ പ്രവാസിയ്ക്ക് മെഴ്‌സ് സ്ഥിരീകരിച്ചു

  • 25/03/2022



ദോഹ:∙ ഖത്തറിൽ 50 വയസ്സുകാരനായ പ്രവാസി താമസക്കാരനിൽ മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം (മെഴ്‌സ്) സ്ഥിരീകരിച്ചു. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റേതാണ് വെളിപ്പെടുത്തൽ. മെഴ്‌സ് ബാധിച്ച വ്യക്തി ഒട്ടകങ്ങളുമായി നേരിട്ട് സമ്പർക്കം പുലർത്തിയിരുന്നതായി അധികൃതർ വ്യക്തമാക്കി. രോഗി ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.

രോഗിയുമായി അടുത്തിടപെട്ടവരെയും പരിശോധനയ്ക്ക് വിധേയമാക്കി. ഇവർക്കാർക്കും മെഴ്‌സ് ലക്ഷണങ്ങൾ ഇല്ലെങ്കിലും ദേശീയ പ്രോട്ടോക്കോൾ പ്രകാരം 14 ദിവസത്തെ നിരീക്ഷണത്തിലാണ്. മെഴ്‌സ് വ്യാപനം പ്രതിരോധിക്കാൻ ആവശ്യമായ മുൻകരുതൽ, പ്രതിരോധ നടപടികളും സ്വീകരിച്ചു കഴിഞ്ഞതായും അധികൃതർ വ്യക്തമാക്കി. കൊറോണ വൈറസാണ് മെഴ്‌സിന് കാരണമാകുന്നതെങ്കിലും കോവിഡ്-19 വൈറസിൽ നിന്ന് വ്യത്യസ്തമാണിത്.

അണുബാധയുടെ ഉറവിടം, വ്യാപന രീതി, ഗുരുതരാവസ്ഥ എന്നിവയിലെല്ലാം രണ്ടു വൈറസുകളും തമ്മിൽ വ്യത്യാസമുണ്ട്. പൊതുജനങ്ങൾ, പ്രത്യേകിച്ചും വിട്ടുമാറാത്ത രോഗങ്ങൾ, ഇമ്യൂണോഡെഫിഷൻസി വൈകല്യം എന്നിവ ഉള്ളവർ പൊതുശുചിത്വ നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രാലയം ഓർമപ്പെടുത്തി.

സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക അല്ലെങ്കിൽ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക, ഒട്ടകങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കണം. പനി, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം എന്നീ ലക്ഷണങ്ങൾ പ്രകടമായാൽ ഉടൻ വൈദ്യസഹായം തേടാനും മറക്കരുതെന്നും അധികൃതർ നിർദേശിച്ചു.

Related News