കാഴ്ചയുടെ വിസ്മയങ്ങൾ തീർക്കാൻ ഖത്തർ ഒരുങ്ങുന്നു; മൂന്ന് പുതിയ മ്യൂസിയങ്ങൾ കൂടി നിർമിക്കും

  • 29/03/2022



കൂടുതൽ വിപുലീകരിക്കാനുള്ള മുന്നൊരുക്കത്തിലാണ് ഖത്തർ. ദോഹയിലും സമീപപ്രദേശങ്ങളിലുമായി മൂന്ന് പുതിയ മ്യൂസിയങ്ങൾ കൂടി ആരംഭിക്കുമെന്ന് ഖത്തർ മ്യൂസിയം സ്റ്റേറ്റ് ബോഡിയുടെ ചെയർപേഴ്‌സൺ ഷെയ്ഖ അൽ മയാസ്സ ബിൻത് ഹമദ് ബിൻ ഖലീഫ അൽ താനി അറിയിച്ചു. ദോഹ ഫോറത്തിലെ ഓൺലൈൻ സെഷനിലാണ് മയാസ്സ പുതിയ പദ്ധതികൾ വിശദീകരിച്ചത്. 

ലുസൈലിൽ ഒരുങ്ങുന്ന പെയിന്റിങ് മ്യൂസിയമാണ് പുതിയ പദ്ധതികളിൽ ഏറ്റവും പ്രധാനപ്പെട്ടത്. പെയിന്റിങ്ങുകൾ കൂടാതെ, ഫോട്ടോകൾ ശില്പങ്ങൾ, അപൂർവ പുസ്തകങ്ങൾ തുടങ്ങിയ ഒരുപിടി അമൂല്യവസ്തുക്കളുടെ ശേഖരമാണ് ലുസൈൽ മ്യൂസിയത്തിന്റെ അണിയറയിൽ ഒരുങ്ങുന്നത്. ആറ് ലക്ഷത്തിനടുത്ത് ചതുരശ്ര അടിയിൽ നാല് നില കെട്ടിടമാണ് ലുസൈൽ മ്യൂസിയത്തിനായി നിർമിക്കുന്നത്. വാഹനങ്ങൾ കണ്ടുപിടിച്ച കാലം മുതൽ ആധുനിക ലോകത്തെ അത്ഭുതവാഹനങ്ങൾ അടക്കമുള്ള ശേഖരമടങ്ങിയ ഖത്തർ ഓട്ടോ മ്യൂസിയം ആണ് രണ്ടാമത്തെ സ്വപ്നപദ്ധതി. 

ഓട്ടോമൊബൈൽ പ്രേമികൾക്ക് വേറിട്ട അനുഭവമാണ് മ്യൂസിയം സമ്മാനിക്കുക. ദോഹയിലെ ഉപയോഗശൂന്യമായ ഒരു കെട്ടിടം "ആർട്ട് മിൽ' ആക്കി മാറ്റുന്നതാണ് മൂന്നാം പദ്ധതി. അതേസമയം, ഈ പദ്ധതികൾക്കായി ചെലവഴിക്കുന്ന തുകയും, നിർമാണപ്രവർത്തനങ്ങൾ എന്ന് പൂർത്തിയാവുമെന്ന വിവരങ്ങളും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Related News