ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടെന്ന് സംശയം : ഖത്തറിലും യു.എ.ഇ.യിലും 'കിൻഡർ സർപ്രൈസ്' ചോക്കലേറ്റുകൾ പിൻവലിച്ചു

  • 08/04/2022


ദോഹ : ഇറ്റാലിയൻ ചോക്കലേറ്റ് കമ്പനിയായ ഫെററോയുടെ 'കിൻഡർ സർപ്രൈസ്' ചോക്കലേറ്റ് വിപണിയിൽ നിന്നും തിരിച്ചുവിളിച്ചതായി നിർമാതാക്കൾ അറിയിച്ചു. ഇവയിൽ, ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന സാൽമൊണെല്ല ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടെന്ന സംശയത്തെ തുടർന്നാണ് നടപടി.

ഖത്തറിലും യു.എ.ഇ.യിലും ഈ ഉത്പന്നം തിരിച്ചുവിളിച്ചെങ്കിലും, മറ്റ് ജി.സി.സി രാജ്യങ്ങളിൽ ഇവ ലഭ്യമാവും. ഖത്തറിലോ യു.എ.ഇ.യിലോ സാൽമൊണെല്ല രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും, ഉപഭോക്താക്കളുടെ സുരക്ഷയ്ക്ക് പ്രഥമപരിഗണന നൽകുന്നതിനാലാണ് കിൻഡർ സർപ്രൈസിന്റെ വിപണി നിർത്തിവെക്കാൻ തീരുമാനിച്ചത് എന്നും ഫെററോ അധികൃതർ അറിയിച്ചു. 

ബെൽജിയത്തിലെ യൂണിറ്റിൽ നിന്നാണ് ഖത്തറിലേക്കും യു.എ.ഇ.യിലേക്കുമുള്ള ചോക്കലേറ്റുകൾ നിർമിക്കുന്നത്. ഇതേ യൂണിറ്റിൽ നിന്നും യൂറോപ്പിലേക്ക് അയച്ച ചോക്കലേറ്റുകളിൽ സാൽമൊണെല്ലയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ഇതിനാലാണ് ഈ നടപടി. അതേസമയം, കമ്പനിയുടെ മറ്റ് ചോക്കലേറ്റുകൾ ഉപയോഗിക്കുന്നതിൽ കുഴപ്പമില്ലെന്നും അധികൃതർ വിശദമാക്കി.

Related News