ഇന്ത്യൻ രൂപയുടെ തകർച്ച: പ്രവാസികൾക്ക് ഗുണമാകുന്നു

  • 12/07/2022



ദോഹ: ഡോളറിനെതിരെ തുടർച്ചയായി റെക്കോർഡ് തകർച്ച നേരിട്ടുകൊണ്ടിരിക്കുന്ന ഇന്ത്യൻ രൂപയുടെ ഖത്തർ റിയാലുമായുള്ള വിനിമയ നിരക്ക് വീണ്ടും ഉയർന്നു. ഇന്നലെ വിപണിയിൽ ഒരു റിയാലിന് 21 രൂപ 83 പൈസയാണ് രേഖപ്പെടുത്തിയത്. ഇന്ത്യൻ രൂപയുടെ മൂല്യം ഇനിയും ഇടിയുമെന്ന് ഇന്ത്യയിലെ പ്രമുഖ ബിസിനസ്സ് പത്രമായ ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കടന്നുപോയിക്കൊണ്ടിരിക്കുന്ന പ്രതികൂല കാലാവസ്ഥയും അന്താരാഷ്‌ട്ര ഘടകങ്ങളുമാണ് രൂപയുടെ വീഴ്ച്ചക്ക് കാരണം. ഈ സാമ്പത്തിക വർഷം ഭീമമായ വിദേശകടം തിരിച്ചടക്കാനുള്ളതും വ്യാപാര കമ്മിയുമാണ് ഇന്ത്യൻ രൂപയെ ഇനിയും സമ്മർദ്ദത്തിലാക്കുക എന്ന് റിപ്പോർട്ട് പറയുന്നു.

വിപണിയിൽ നിരക്ക് ഉയർന്നപ്പോൾ ദോഹയിലെ പണ വിനിമയ സ്ഥാപനങ്ങളിൽ ഒരു റിയാലിനു ചിലയിടങ്ങളിൽ 21 രൂപ 58 പൈസലഭിച്ചപ്പോൾ മറ്റു ചില സ്ഥാപനങ്ങളിൽ 21 രൂപ 64 പൈസ വരെയാണു വിനിമയ നിരക്ക് ലഭിച്ചത്. പണ വിനിമയ സ്ഥാപനങ്ങൾ തമ്മിൽ ഏതാനും ദിർഹത്തിന്റെ വ്യത്യാസം മാത്രമാണുള്ളത്. അവധിക്കായി നാട്ടിലേക്കു പോകാത്ത പ്രവാസികൾക്കു വിനിമയ നിരക്കിലെ വർധന ഗുണകരമാണ്. ശമ്പള ദിവസങ്ങൾ കഴിഞ്ഞതേയുള്ളു എന്നതിനാൽ പ്രവാസികളിൽ മിക്കവരും നാട്ടിലേക്കു പണം അയയ്ക്കുന്ന തിരക്കിലാണ്.

ഡോളറിന്റെ മൂല്യം വർധിക്കുന്നതും അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില വർധിക്കുന്നതുമാണ് രൂപയുടെ തകർച്ചക്കുള്ള മറ്റു കാരണങ്ങൾ. ഒരു ഡോളറിന് 80 രൂപയോളമാണ് ഇപ്പോൾ രൂപയുടെ മൂല്യം.

വിദേശ നിക്ഷേപകർ ഇന്ത്യൻ മാർകെറ്റിൽ നിന്ന് പിൻവാങ്ങിയത് രൂപക്ക്‌ ഏൽപ്പിച്ച പ്രഹരം കുറക്കാൻ 41 ബില്ല്യൺ ഡോളറാണ് ഫെബ്രുവരി മുതൽ റിസേർവ് ബാങ്ക് വിപണിയിൽ ഇറക്കിയത്. ഇത് ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിലും കുറവുണ്ടാക്കിയിട്ടുണ്ട്.

Related News