കോവിഡിനെ അതിജീവിച്ച് വളർച്ചാ കുതിപ്പിലേയ്ക്ക് ഖത്തർ

  • 08/08/2022




ദോഹ: കോവിഡിനെ അതിജീവിച്ച് വളർച്ചാ കുതിപ്പിലേയ്ക്ക് ഖത്തറിന്റെ ടൂറിസം മേഖല. വർഷത്തിന്റെ ആദ്യ പകുതിയിൽ രാജ്യത്തെത്തിയത് 7,29,000 വിദേശ സന്ദർശകർ. കഴിഞ്ഞവർഷം രാജ്യത്തെത്തിയ സന്ദർശകരുടെ എണ്ണത്തേക്കാൾ 19 ശതമാനമാണ് വർധന.

ഇക്കഴിഞ്ഞ ജൂണിലാണ് സന്ദർശകരുടെ എണ്ണത്തിൽ ഏറ്റവുമധികം വർധന. 1,49,000 പേരാണ് ജൂണിലെത്തിയത്. കഴിഞ്ഞ 5 വർഷത്തിനിടെ വേനൽക്കാലത്തെ ഏറ്റവും ഉയർന്ന സന്ദർശനമാണിത്. ജൂണിലെത്തിയവരിൽ  51,000 പേർ റോഡ് മാർഗവും 10,000 പേർ സമുദ്രത്തിലൂടെയും 88,000 പേർ വിമാനമാർഗവും എത്തിയവരാണ്.

ജൂണിലെ മൊത്തം സന്ദർശകരിൽ 26 ശതമാനം പേരും സൗദിയിൽ നിന്നാണ്. ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. 10 ശതമാനം പേരാണ് ഇന്ത്യയിൽ നിന്നെത്തിയത്. യുഎസ്, ഒമാൻ എന്നിവിടങ്ങളിൽ നിന്ന് 5 ശതമാനം വീതവും യുകെ, യുഎഇ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്ന് 4 ശതമാനം വീതവുമാണ് എത്തിയത്. ഖത്തറിന്റെ കപ്പൽ ടൂറിസം അവസാനിച്ചതും ജൂണിലാണ്. 2021 ഡിസംബറിൽ തുടങ്ങി ജൂണിൽ അവസാനിച്ച സീസണിൽ 1,01,000 സന്ദർശകരാണ് 34 കപ്പലുകളിലായി എത്തിയത്.

ഖത്തറിന്റെ ആതിഥേയ മേഖലയിലും ഗണ്യമായ വളർച്ചയുണ്ട്. ഹോട്ടൽ മേഖലയുടെ വളർച്ച ജൂണിൽ 17 ശതമാനമായി ഉയർന്നു. നവംബറിൽ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനിരിക്കെ വർഷാവസാനത്തോടെ 50 പുതിയ ഹോട്ടലുകൾ കൂടി തുറക്കുമെന്ന് ഖത്തർ ടൂറിസം ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ബെർതോൾഡ് ട്രെൻകൽ പറഞ്ഞു. വർഷത്തിന്റെ അടുത്ത പകുതിയിൽ സന്ദർശക വരവ് കൂടും. ലുസെയ്ൽ വിന്റർ വണ്ടർലാൻഡ്, കൈറ്റ് ബീച്ച് റിസോർട്ട് തുടങ്ങി വൻകിട പദ്ധതികളാണ് വരും നാളിൽ തുറക്കാനിരിക്കുന്നത്. 

Related News