ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴകളില്‍ 35 ശതമാനം ഇളവ് പ്രഖ്യാപിച്ച് ഷാർജ

  • 01/03/2023


ഷാര്‍ജ: ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴകളില്‍ ഷാർജ ഗതാഗത മന്ത്രാലയം 35 ശതമാനം ഇളവ് പ്രഖ്യാപിച്ചു. പിഴത്തുക ഒരുമിച്ച് അടക്കുന്നവർക്കാണ് ഈ ഇളവ് ബാധകമാവുക. ചൊവ്വാഴ്ച ചേര്‍ന്ന ഷാര്‍ജ എക്സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം.. 2023 ഏപ്രില്‍ ഒന്നാം തീയ്യതി മുതല്‍ ഇളവ് പ്രാബല്യത്തില്‍ വരും.

നിയമലംഘനം നടത്തിയ ദിവസം മുതല്‍ 60 ദിവസത്തിനുള്ളില്‍ പിഴ അടയ്ക്കുകയാണെങ്കില്‍ 35 ശതമാനം ഇളവായിരിക്കും ലഭിക്കുന്നത്. പിഴത്തുകയിലും വാഹനം പിടിച്ചെടുക്കുന്നതിനുള്ള ഫീസിനും 35 ശതമാനം ഇളവ് ബാധകമായിരിക്കും. എന്നാല്‍ നിയമലംഘനം നടത്തി 60 ദിവസം കഴിഞ്ഞ് ഒരു വര്‍ഷത്തിനിടെയുള്ള സമയത്താണ് പിഴ അടയ്ക്കുന്നതെങ്കില്‍ 25 ശതമാനം ഇളവായിരിക്കും കിട്ടുക. ഈ ഇളവ് പിഴത്തുകയ്ക്ക് മാത്രമായിരിക്കും. വാഹനം പിടിച്ചെടുക്കുന്നതിനുള്ള ഫീസ് പൂര്‍ണമായും അടയ്ക്കേണ്ടി വരും. ഒരു വര്‍ഷത്തിന് ശേഷമാണ് പിഴത്തുക അടയ്ക്കുന്നതെങ്കില്‍ ഒരു തരത്തിലുള്ള ഇളവുകള്‍ക്കും അര്‍ഹതയുണ്ടാവില്ല.

പിഴത്തുക നേരത്തെ അടയ്ക്കുന്നവര്‍ക്ക് തുകയില്‍ ഇളവ് അനുവദിക്കുന്ന തരത്തിലുള്ള സമാനമായ പദ്ധതി അബുദാബിയില്‍ നേരത്തെ തന്നെ നിലവിലുണ്ട്. സാധാരണ ഗതിയില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ ലഭിക്കുന്നവര്‍ അത് അടയ്ക്കാതെ ഇളവുകള്‍ പ്രഖ്യാപിക്കുന്ന സമയം വരെ കാത്തിരിക്കുന്ന പ്രവണതയുണ്ട്. ഇത് തടയാനാണ് എത്രയും വേഗം പിഴ അടയ്ക്കുന്നവര്‍ക്ക് പരമാവധി ഇളവുകള്‍ അനുവദിക്കുന്ന പദ്ധതികള്‍ കൊണ്ടുവരുന്നത്.

Related News