ജിസിസി രാജ്യങ്ങളിൽ താമസ വിസയുള്ളവർക്ക് 90 ദിവസത്തെ താമസ വിസ അനുവദിച്ച് യുഎഇ

  • 06/03/2023



അബുദാബി:∙ ജിസിസി രാജ്യങ്ങളിൽ താമസ വിസയുള്ളവർക്ക് യുഎഇയിൽ 90 ദിവസത്തെ താമസ വിസ അനുവദിക്കുന്നു. നിരവധി തവണ വന്നുപോകാവുന്ന 90 ദിവസ കാലാവധിയുള്ള വിസയാണ് അനുവദിക്കുക.

ഓരോ തവണയും 48 മണിക്കൂറിൽ കൂടുതൽ യുഎഇയിൽ താമസിക്കാനോ ശമ്പളം വാങ്ങിയോ അല്ലാതെയോ യുഎഇയിൽ ജോലി ചെയ്യാനോ പാടില്ലെന്നാണ് നിബന്ധന. വിസയുള്ളവർക്ക് കര, കടൽ, വ്യോമ മാർഗങ്ങൾ വഴി യുഎഇയിലേക്കു പ്രവേശിക്കാം.

യുഎഇയിൽ ആദ്യം എത്തുന്ന തീയതി മുതൽ 90 ദിവസത്തേക്കാണ് അനുമതി. വീസ കാലാവധി നീട്ടാനാകില്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു. ഉയർന്ന തസ്തികയിൽ ജോലി ചെയ്യുന്നവർക്കാണ് ഈ വീസ ലഭിക്കുക. കുടുംബാംഗങ്ങളോടൊപ്പം എത്തുന്നവർക്കു ആവശ്യമെങ്കിൽ വീട്ടുജോലിക്കാരെയും കൊണ്ടുവരാം.

പാസ്‌പോർട്ട് കോപ്പി, അതാതു രാജ്യത്തെ റസിഡൻസ് വീസ അല്ലെങ്കിൽ തിരിച്ചറിയൽ കാർഡ്, ഇൻഷുറൻസ് പോളിസി, ഫോട്ടോ, 550 ദിർഹം എന്നിവ സഹിതം ഐസിപി വെബ്സൈറ്റിലോ യുഎഇ എംബസി വഴിയോ അതിർത്തി ചെക്ക്പോസ്റ്റിലോ അപേക്ഷിക്കാം. വിവിധ രാജ്യങ്ങളിലേക്കു ചരക്കു എത്തിക്കുന്ന ട്രക്ക് ഡ്രൈവർമാർക്കും ഈ വീസ പ്രയോജനപ്പെടുത്താം. എന്നാൽ അപേക്ഷയോടൊപ്പം അതാതു രാജ്യത്തെ അംഗീകൃത കേന്ദ്രത്തിന്റെ അനുമതിയും ഉണ്ടായിരിക്കണം.

Related News