വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂടി; അഞ്ചിരട്ടി വരെ നല്‍കി പ്രവാസികളുടെ യാത്ര, പ്രതിസന്ധി

  • 31/03/2023




കൊച്ചി: വിമാന യാത്രക്കൂലി കുത്തനെ ഉയര്‍ന്നതോടെ പ്രതിസന്ധിയിലായി വിദ്യാര്‍ത്ഥികളടക്കമുള്ള  പ്രവാസി യാത്രികര്‍. നാട്ടിലേക്കുളള നിരക്കിനേക്കാള്‍ അഞ്ചിരട്ടി വരെ പണം വിമാനയാത്രാക്കൂലി നല്‍കിയാണ് കാനഡ അടക്കമുളള രാജ്യങ്ങളിലേക്ക് പ്രവാസികള്‍ യാത്ര ചെയ്യുന്നത്. ഉയര്‍ന്ന ചെലവും വര്‍ദ്ധിച്ച ഡിമാന്‍റുമാണ് ഇപ്പോഴത്തെ നിരക്ക് വര്‍ദ്ധനയ്ക്ക് കാരണമെന്ന് വിമാന കമ്പിനികള്‍ വിശദീകരിക്കുന്നു. യാത്രാ നിരക്ക് വന്‍തോതില്‍ ഉയര്‍ന്നതോടെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുളളവരാണ് പ്രതിസന്ധിയിലായത്.

രണ്ട് വര്‍ഷത്തോളം നീണ്ടു നിന്ന കൊവിഡ് കാലത്തെ പ്രതിസന്ധി മറികടക്കാന്‍ വിമാനക്കമ്പനികള്‍ അവധിക്കാല സര്‍വീസുകളില്‍ കൈവച്ചതോടയാണ് വിമാനയാത്ര നിരക്ക് കുത്തനെ കൂടിയത്. മാര്‍ച്ച് അവസാന വാരം മുതല്‍ ഒക്ടോബര്‍ വരെ നീണ്ടു നില്‍ക്കുന്ന ആറ് മാസത്തെ സമ്മര്‍ ഷെഡ്യൂള്‍ തുടങ്ങിയതോടെ നിരക്ക് കുത്തനെ ഉയരാന്‍ തുടങ്ങി. അമേരിക്ക, കനഡ, യൂറോപ്പ് എന്നിവടങ്ങളിലേക്കുളള വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് ഇതിനെ കാര്യമായി സ്വാധീനിക്കുകയും ചെയ്തു. 

തിരുവനന്തപുരത്ത് നിന്ന് കാനഡയില ടൊറാന്‍റോയിലേക്കും അവിടെ നിന്ന് തിരിച്ച് തിരുവനന്തപുരത്തേക്കുമുളള ടിക്കറ്റ് നിരക്കില്‍ വലിയ വര്‍ധനയാണ് ഉണ്ടായത്. മെയ് 1 ന് എയര്‍ ഇന്ത്യ നടത്തുന്ന സര്‍വീസിന് തിരുവനന്തപുരത്ത് നിന്ന് ടൊറാന്‍റോയിലേക്കുളള ടിക്കറ്റിന് നല്‍കേണ്ടത് 2,20700 രൂപയാണ്. ഇതേ ദിവസം തന്നെ ടൊറാന്‍റോയില്‍ നിന്ന് തിരുവനന്തപുരത്തേക്കുളള ടിക്കറ്റ് നിരക്ക്  45350 രൂപ മാത്രമാണ്. തിരുവനന്തപുരത്ത് നിന്ന് ന്യൂയോര്‍ക്കിലേക്ക് നല്‍കേണ്ടത് 94800 രൂപ. തിരികെ തിരുവനന്തപുരത്തേക്കുളള ടിക്കറ്റിന് നല്‍കേണ്ടത് 38300 രൂപ മാത്രം. 

തിരുവനന്തപുരത്ത് നിന്ന് ലണ്ടനിലേക്ക് മെയ് ഒന്നിന് ഇത്തിഹാദ് എയര്‍ലൈന്‍സിന് നല്‍കേണ്ടത് 60000 രൂപ. ലണ്ടനില്‍ നിന്ന് തിരുവന്തപുരത്തേക്ക് എയര്‍ ഇന്ത്യ ടിക്കറ്റിന് നല്‍കേണ്ടത് 36100 രൂപ. അതായത് ഗള്‍ഫ് അടക്കമുളള വിദേശ രാജ്യങ്ങളിലേക്ക് പ്രവാസികളുടെ ഒഴുക്ക് ശക്തമായതോടെയാണ് കമ്പനികള്‍ തോന്നും പടി നിരക്ക് ഈടാക്കാന്‍ തുടങ്ങിയത്. അതേസമയം, ഡിമാന്‍റ് ഉളള സന്ദര്‍ഭങ്ങളില്‍ നിരക്ക് വര്‍ദ്ധിക്കുന്നത് സ്വഭാവികമെന്ന് എയര്‍ലൈന്‍ കമ്പനികളുടെ ഏജന്‍സികള്‍ വിശദീകരിക്കുന്നു. 

Related News