പ്രവാസികൾക്കുള്ള ആരോഗ്യ സേവന ഫീസ് വർധിപ്പിക്കല്‍; പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം

  • 06/04/2023

കുവൈത്ത് സിറ്റി: പ്രവാസികൾക്കുള്ള ആരോഗ്യ സേവന ഫീസ് വർധിപ്പിക്കുന്നതിനുള്ള പദ്ധതി നടപ്പിലാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് ആരോഗ്യ മന്ത്രാലയം. പൊതു ട്രഷറി വരുമാനം പരമാവധിയാക്കുന്നതിനുള്ള സർക്കാരിന്റെ സമീപനത്തിന്‍റെ ഭാഗമായാണ് ഈ തീരുമാനം. പദ്ധതി പ്രകാരം, ഗാർഹിക തൊഴിലാളികളുടെ ആരോഗ്യ ഇൻഷുറൻസ് ചെലവ് തുടക്കത്തിൽ മാറ്റമില്ലാതെ തന്നെ തുടരും. അവർ സർക്കാർ നടത്തുന്ന ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിൽ ചികിത്സ തുടരുന്നതാണ് കാരണം.

എന്നാല്‍, ഭാവിയില്‍ ഗാർഹിക തൊഴിലാളികളുടെ ആരോഗ്യ ഇൻഷുറൻസ് ചെലവും കൂടുമെന്നാണ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. അതേസമയം, തൊഴിലാളികളുടെ ഇൻഷുറൻസ് ചെലവ് വഹിക്കാൻ ബാധ്യസ്ഥരായ പൗരന്മാർക്ക് ഈ തീരുമാനം ഭാരമാകാതിരിക്കാനും മന്ത്രാലയം ശ്രദ്ധിക്കുന്നുണ്ട്. വര്‍ധനവ് ഏറ്റവും ചെറിയ നിലയില്‍ നിലനിർത്തുമെന്നും മന്ത്രാലയം അറിയിച്ചു. 

സർക്കാർ ആശുപത്രികളിലെ ആരോഗ്യ പരിചരണം കുവൈത്തികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുക എന്നതാണ് പദ്ധതിയിലൂടെ ആത്യന്തികമായി ലക്ഷ്യമിടുന്നത്. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവരോ ഫാമിലി റെസിഡൻസ് പെർമിറ്റ് കൈവശമുള്ളവരോ ആയ ഏകദേശം 20 ലക്ഷം പ്രവാസികൾക്ക് ധമാൻ ആശുപത്രികളിൽ മാത്രമേ പരിചരണം ലഭിക്കൂ എന്നാണ് ആദ്യ ഘട്ടത്തില്‍ വ്യവസ്ഥ ചെയ്യുന്നത്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News