ഫാമിലി വിസ നിരോധനം നീളുന്നു; കടുത്ത പ്രയാസം അനുഭവിച്ച് കുവൈറ്റ് പ്രവാസികൾ

  • 09/04/2023

കുവൈത്ത് സിറ്റി: ഫാമിലി വിസ നിരോധനം നീളുന്നതോടെ കടുത്ത പ്രയാസം അനുഭവിച്ച് പ്രവാസികൾ. എല്ലാ മാസവും മിഷ്‌റഫിലെ ആഭ്യന്തര മന്ത്രാലയ ഓഫീസിലെത്തി ഈ നിരോധനം നീക്കിയോ എന്ന് അന്വേഷിക്കുന്നുണ്ടെന്ന് നിരവധി പ്രവാസികൾ പറഞ്ഞു. കഴിഞ്ഞ വർഷം ജൂൺ 27നാണ് കുവൈത്ത് സർക്കാർ പ്രവാസികൾക്ക് ഫാമിലി വിസ നൽകുന്നതിന് താൽക്കാലിക നിരോധനം പ്രഖ്യാപിക്കുകയും നടപ്പിലാക്കുകയും ചെയ്തത്.

വർഷങ്ങളായി രാജ്യത്ത് താമസിക്കുന്നവർ ഉൾപ്പെടെ എല്ലാ രാജ്യക്കാർക്കും ഈ നിരോധനം ബാധകമാണ്. കുവൈത്തിൽ താമസിക്കുന്ന വിദേശികളുടെ എണ്ണം കുറയ്ക്കാനും രാജ്യത്തെ ജനസംഖ്യാ അസന്തുലിതാവസ്ഥ പരിഹരിക്കാനുമാണ് തീരുമാനം. ജീവിതപങ്കാളികൾക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉൾപ്പെടെ എല്ലാ തരത്തിലുള്ള ഫാമിലി വിസകൾക്കും ഈ നിരോധനം ബാധകമാണ്. രാജ്യത്തെ ജനസംഖ്യാപരമായ വെല്ലുവിളികൾ പരിഹരിക്കേണ്ടത് ആവശ്യമാണെന്നുള്ള ന്യായീകരണമാണ് ഈ വിഷയത്തിൽ ഉദ്യോ​ഗസ്ഥർക്കുള്ളത്.

നിലവിൽ കുവൈത്തിൽ താമസിക്കുന്നവർക്ക് വിലക്ക് നീക്കുന്നത് വരെ കുടുംബാംഗങ്ങളെ നാട്ടിൽ നിന്ന് കൊണ്ടുവരാൻ കഴിയില്ല. ഫാമിലി വിസ നിരോധനം കുടുംബങ്ങളിൽ വൈകാരികമായും സാമ്പത്തികമായും കാര്യമായ സ്വാധീനമുണ്ടാക്കുന്നുണ്ടെന്നാണ് പ്രവാസികൾ പ്രതികരിക്കുന്നത്. വർഷത്തിൽ 30 ദിവസം മാത്രമാണ് അവധിയുള്ളതെന്നും കുടുംബത്തിനൊപ്പം ചെലവഴിക്കാൻ ഈ സമയം വളരെ കുറവാണെന്നും പ്രവാസികൾ പറയുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News