അടുത്ത മാസം ദില്ലയിൽ ഇന്ത്യ - കുവൈത്ത് ചർച്ച; സഹകരണം ശക്തിപ്പെടുത്തുക ലക്ഷ്യമെന്ന് ഇന്ത്യൻ സ്ഥാനപതി

  • 13/04/2023

കുവൈത്ത് സിറ്റി: മേഖലയിലെ തന്റെ ആദ്യ പ്രവർത്തന രാജ്യം കുവൈത്ത് ആയതിൽ സന്തോഷം പ്രകടിപ്പിച്ച് കുവൈത്തിലെ  ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക. കുവൈത്തി ജനതയെയും അവരുടെ തനതായ ആചാരങ്ങളെയും പരിചയപ്പെടാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നു. വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് അദ്ദേഹം തന്റെ വസതിയിൽ ഗബ്ക നടത്തിയ വേളയിലാണ് ഇക്കാര്യം പറഞ്ഞത്. കൂടാതെ, അദ്ദേഹം 20 ഓളം കുവൈത്തി ദിവാനിയകൾ സന്ദർശിച്ചു.

നിരവധി ഇഫ്താർ ക്ഷണങ്ങൾക്കും ഗബ്ഖകൾക്കും അദ്ദേഹവും പങ്കാളിയായി. കുവൈത്തിന്റെ  ഈ പുരാതന പൈതൃകങ്ങളിൽ പങ്കാളിയാകാൻ സാധിക്കുന്നതിൽ  ആദർശ് സ്വൈക അഭിമാനം പ്രകടിപ്പിച്ചു. അതേസമയം, ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി, അംബാസഡർ മൻസൂർ അൽ ഒതൈബിയുമായി ഇന്ത്യൻ സ്ഥാനപതി ഇന്നലെ ചർച്ചയും നടത്തി. എല്ലാ മേഖലകളിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വികസിപ്പിക്കുന്നതിനുള്ള വഴികൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തത്. 

കൂടാതെ, മഹാമാരി കാരണം കഴിഞ്ഞ രണ്ട് വർഷമായി നിർത്തിവച്ച ഇരു രാജ്യങ്ങളും തമ്മിലുള്ള ഉന്നതതല ഔദ്യോഗിക സന്ദർശനങ്ങൾ വീണ്ടും ആരംഭിക്കുന്നതിനുള്ള തയാറെടുപ്പുകളെ കുറിച്ചും ചർച്ചകൾ നടന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ കൂടിയാലോചനകൾ അടുത്ത മാസം ഡൽഹിയിൽ നടക്കും. എണ്ണ, ഭക്ഷ്യം, ഫാർമസ്യൂട്ടിക്കൽ വ്യവസായം, ആരോഗ്യ മേഖല, മെഡിക്കൽ ടൂറിസം, സഹകരണം എന്നിവയുൾപ്പെടെ മറ്റ് മേഖലകളിലേക്കും ഉഭയകക്ഷി സഹകരണം വികസിപ്പിക്കുന്നത് ചർച്ചയാകുമെന്നും സ്ഥാനപതി വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News