കുവൈറ്റ് ഉൾപ്പടെ 6 ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ജിസിസി റെയിൽ യാഥാർത്ഥ്യത്തിലേക്ക്

  • 17/05/2023


അബുദാബി:∙ 6 ഗൾഫ് രാജ്യങ്ങളിലെ പ്രധാന നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന ജിസിസി റെയിൽ സർവീസ് യാഥാർത്ഥ്യത്തിലേക്ക്. സാധ്യതാ, ഗതാഗത പഠനങ്ങൾ പൂർത്തിയാക്കി ആവശ്യമായ പിന്തുണ ഉറപ്പാക്കുകയാണ് മേൽനോട്ടത്തിനായി രൂപീകരിച്ച ജിസിസി റെയിൽവേ അതോറിറ്റി. 

യുഎഇയും സൗദിയുമാണ് പദ്ധതിയിലേക്കു കൂടുതൽ അടുത്ത രാജ്യങ്ങളെന്ന് ജിസിസി റെയിൽവേ അതോറിറ്റി വിദഗ്ധൻ നാസർ ‍അൽ ഖഹ്താനി പറഞ്ഞു. അതതു രാജ്യങ്ങളിലെ റെയിൽ ശൃംഖലയുമായി അംഗ രാജ്യങ്ങൾ ബന്ധിപ്പിക്കുന്നതോടെ 2117 കി.മീ ജിസിസി റെയിൽ യാഥാർഥ്യമാകും.

അബുദാബിയിൽ ഇന്നലെ സമാപിച്ച മിഡിൽ ഈസ്റ്റ് റെയിൽ എക്സിബിഷൻ ആൻഡ് കോൺഫറൻസിലാണ് ഇക്കാര്യം വിശദീകരിച്ചത്. യുഎഇയുടെ ഇത്തിഹാദ് റെയിൽ 900 കി.മീ പൂർത്തിയാക്കി ഫെബ്രുവരിയിൽ ചരക്കുസേവനം ആരംഭിച്ചു. ജുബൈലിലൂടെ കടന്നുപോകുന്ന സൗദി റെയിൽ റാസൽഖൈർ-ദമാൻ റൂട്ടിൽ 200 കി.മീ പൂർത്തിയായി.

സൊഹാർ തുറമുഖത്തെ യുഎഇ ദേശീയ റെയിലുമായി ബന്ധിപ്പിക്കുന്നതിനു ഒമാൻ റെയിലും ഇത്തിഹാദ് റെയിലും സംയുക്ത സംരംഭം സ്ഥാപിച്ച് സ്ഥലം ഏറ്റെടുക്കൽ ജോലി പുരോഗമിക്കുകയാണ്. ഖത്തർ റെയിലിന്റെ അടിസ്ഥാന സൗകര്യ വികസനവും രൂപകൽപനയും പൂർത്തിയായി. ബഹ്‌റൈനെ ജിസിസി റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന സമാന്തര പാലം പദ്ധതിയുടെ ആദ്യഘട്ടവും  കുവൈത്തിന്റെ 111 കി.മീ റെയിൽവേ ട്രാക്കിന്റെ രൂപകൽപനയും പൂർത്തിയായി.

റെയിൽവേ ട്രാക്കുകളുടെ ഏകീകൃത മാനദണ്ഡങ്ങളും പൊതു മാർഗനിർദേശങ്ങളും സ്വീകരിക്കുന്നതിൽ ബുദ്ധിമുട്ട് ഇല്ലെന്ന് ഉറപ്പാക്കാൻ ജിസിസി റെയിൽവേ അതോറിറ്റി അംഗരാജ്യങ്ങളുമായി ചർച്ച നടത്തുകയാണെന്നും അൽഖഹ്താനി കൂട്ടിച്ചേർത്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News