കുവൈത്തിൽ ഗാർഹിക തൊഴിലാളി ക്ഷാമം രൂക്ഷം; തൊഴിലാളികൾ എത്തുന്നത് ഒരേയൊരു രാജ്യത്തുനിന്ന് മാത്രം

  • 16/06/2023


കുവൈത്ത് സിറ്റി:  ഗാർഹിക തൊഴിൽ മേഖലയിൽ  വരും മാസങ്ങളിൽ വരാനിരിക്കുന്ന പ്രതിസന്ധിയെക്കുറിച്ച് മുന്നറിയിപ്പ് നൽകി ഗാർഹിക തൊഴിൽ കാര്യങ്ങളിൽ വിദഗ്ധനായ ബസ്സാം അൽ ഷമ്മരി. കൂടുതൽ രാജ്യങ്ങളിൽ നിന്ന് ​ഗാർഹിക തൊഴിലാളികളെ എത്തിച്ച് ബദൽ സംവിധാനം ഒരുക്കുന്നതിന്റെ അഭാവമാണ് പ്രതിസന്ധിയെന്നും അദ്ദേഹം പറഞ്ഞു. ഗാർഹിക തൊഴിലാളികൾക്ക് വലിയ ഡിമാൻഡ് ഉള്ളതിനാൽ കുവൈത്ത് കടുത്ത ക്ഷാമം നേരിട്ടേക്കാമെന്നും അദ്ദേഹം പറഞ്ഞു.

കുവൈത്തിലെ സ്ത്രീ ഗാർഹിക തൊഴിലാളികളുടെ ആവശ്യകത വർഷത്തിൽ 420,000 മുതൽ 450,000 വരെയാണ്. അതേസമയം പുരുഷ ഗാർഹിക തൊഴിലാളികളുടെ ആവശ്യം ഏകദേശം 360,000 ആണെന്നുമാണ് കണക്കുകൾ. നഗരപ്രദേശങ്ങളുടെ വികാസം പുരുഷ ഗാർഹിക തൊഴിലാളികളുടെ ഉയർന്ന ഡിമാൻഡിന് കാരണമായി മാറുന്നുണ്ട്. 

കുവൈത്തിലെ ഗാർഹിക തൊഴിലാളികളുടെ പല കരാറുകളും അവസാനിക്കുന്നതിനാൽ ഈ വർഷം അവസാന പാദത്തിൽ പ്രതിസന്ധി പ്രകടമാകുമെന്ന് പ്രതീക്ഷിക്കുന്നതെന്ന് അൽ ഷമ്മരി പറഞ്ഞു. കൂടാതെ രണ്ട് വർഷത്തേക്ക് കൂടി കരാർ പുതുക്കാൻ തൊഴിലാളികൾക്കിടയിൽ വിമുഖത ഉണ്ടായേക്കാം. നിലവിൽ അയൽരാജ്യങ്ങൾ കുവൈത്തിൽ നിശ്ചയിച്ചിട്ടുള്ള റിക്രൂട്ട്‌മെന്റ് നിരക്കുകളേക്കാൾ ഉയർന്ന വേതനം വാഗ്ദാനം ചെയ്യുന്നതിനാൽ ഇംഗ്ലീഷ് സംസാരിക്കുന്ന തൊഴിലാളികളുടെ ക്ഷാമവും നേരിടുന്നുണ്ട്.

വിവിധ രാജ്യങ്ങളുടെ തൊഴിലാളി  റിക്രൂട്ട്മെന്റിലെ നിലവിലെ പ്രശ്നങ്ങൾ  

ഫിലിപ്പീൻസ്: പുതിയ വിസ അനുവദിക്കുന്നത് താൽക്കാലികമായി നിർത്തിവച്ചു.

എത്യോപ്യ: ഉഭയകക്ഷി ഉടമ്പടി പൂർത്തിയാകാത്തതിനാൽ റിക്രൂട്ട്‌മെന്റ് താൽക്കാലികമായി നിർത്തിവച്ചു.

ഇന്ത്യ: സ്ത്രീ ഗാർഹിക തൊഴിലാളികളെ ലഭിക്കുന്നതിൽ ബുദ്ധിമുട്ട്, എന്നാൽ പുരുഷന്മാർക്ക് എളുപ്പമാണ്.

ഇന്തോനേഷ്യ: 2008 മുതൽ റിക്രൂട്ട്‌മെന്റ് താൽക്കാലികമായി നിർത്തിവച്ചു.

നേപ്പാൾ: ഇരുരാജ്യങ്ങളും തമ്മിൽ കരാറില്ല; ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് ഇന്ത്യ വഴിയോ ദുബായ് വഴിയോ ആണ്.

ബംഗ്ലാദേശ്: റിക്രൂട്ട്‌മെന്റ് താൽക്കാലികമായി നിർത്തിവച്ചു.

ശ്രീലങ്ക: റിക്രൂട്ട്മെന്റിന് ലഭ്യമാണ്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News