ഹിമാചല്‍പ്രദേശിലെ കാലവര്‍ഷക്കെടുതിയില്‍ മരണസംഖ്യ 51 ആയി

  • 14/08/2023

ന്യുഡല്‍ഹി: ഹിമാചല്‍പ്രദേശിലെ കാലവര്‍ഷക്കെടുതിയിലുണ്ടായ മരണസംഖ്യ 51 ആയി. ജോഷിമഠില്‍ അഞ്ചു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ഉരുള്‍പൊട്ടലിലും മിന്നല്‍ പ്രളയത്തിലും കാണാതായവര്‍ക്കു വേണ്ടി ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഹിമാലയൻ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലും വെള്ളപ്പൊക്കം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്നത്.


ഷിംലയില്‍ ശിവക്ഷേത്രത്തിനു മുകളിലേക്ക് ഉരുള്‍പൊട്ടലുണ്ടായതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ തുടര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി. മാണ്ഡി ജില്ലയില്‍ മാത്രം മഴക്കെടുതിയില്‍ 19 പേര്‍ മരിച്ചു. രാത്രി ഏറെ വൈകിയും സംസ്ഥാനത്ത് ഉരുള്‍പൊട്ടലുണ്ടായ രണ്ടു സ്ഥലങ്ങളിലും ദേശീയ ദുരന്തനിവാരണ സേന രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി.

സംസ്ഥാനത്തെ ശക്തിപ്രാപിക്കുന്ന മഴ റെയില്‍, വ്യോമ, റോഡ് ഗതാഗതങ്ങളെ സാരമായി ബാധിച്ചതായി ഹിമാചല്‍പ്രദേശ് സര്‍ക്കാര്‍ അറിയിച്ചു. ഉരുള്‍പൊട്ടി അപകടമുണ്ടായ ക്ഷേത്രത്തില്‍നിന്നു മൃതദേഹങ്ങള്‍ പുറത്തെടുക്കാൻ ദേശീയ ദുരന്തനിവാരണ സേനയ്ക്ക്, സംസ്ഥാന ദുരന്തനിവാരണ സേന, ഇന്തോ-ടിബറ്റൻ പൊലീസ് ഫോഴ്സ് എന്നിവരും സഹായങ്ങള്‍ ഒരുക്കുന്നുണ്ട്. ഉത്തരാഖണ്ഡിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ് സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളും അതീവ ജാഗ്രതയിലാണ്. പോങ് അണക്കെട്ടില്‍നിന്നുള്ള മിച്ചജലം തുറന്നുവിടാൻ തീരുമാനിച്ച സാഹചര്യത്തില്‍ ബിയാസ് നബിയുടെ തീരങ്ങളിലുള്ളവരോട് ജാഗ്രത പാലിക്കാൻ പഞ്ചാബ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 18 വരെ ഹിമാലയൻ സംസ്ഥാനങ്ങളില്‍ മഴ കുറയില്ലെന്നാണു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

Related News