മണിപ്പൂരില്‍ ആക്രമണം തുടരുന്നു; രണ്ടിടങ്ങളില്‍ വെടിവയ്പ്പ്, അന്വേഷണത്തിന് 53 ഉദ്യോഗസ്ഥരടങ്ങുന്ന സംഘം

  • 16/08/2023

ദില്ലി: മണിപ്പൂരില്‍ മാസങ്ങളായി തുടരുന്ന കലാപത്തിന് ശമനമില്ല. മണിപ്പൂരിലെ വിവിധയിടങ്ങളില്‍ ആക്രമണം തുടരുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇന്നലെ രണ്ടിടങ്ങളില്‍ വെടിവയ്പ്പുണ്ടായി. കൂടാതെ നാല് ജില്ലകളില്‍ നിന്നായി ആയുധങ്ങള്‍ പിടികൂടുകയും ചെയ്തു. ആക്രമണത്തില്‍ നാല് പേര്‍ അറസ്റ്റിലായെന്ന് പൊലീസ് അറിയിച്ചു. അതേസമയം, മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണത്തിന് 53 ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തെ സിബിഐ നിയോഗിച്ചു. ഉദ്യോഗസ്ഥരില്‍ 29 പേര്‍ വനിതകളാണ്. ഡിഐജി, എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. 11 കേസുകളാണ് സിബിഐ അന്വേഷിക്കുക.


മണിപ്പൂര്‍ കലാപം നിയന്ത്രിക്കാനാവാത്ത സാഹചര്യത്തിലാണ് സുപ്രീംകോടതി ഇടപെട്ടത്. സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരമാണ് അന്വേഷണത്തിന് പ്രത്യേക സമിതി രൂപീകരിച്ചത്. മണിപ്പൂര്‍ കലാപത്തിലെ കേസുകള്‍ അന്വേഷിച്ച്‌ രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് സമിതിയോട് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. അക്രമം നടത്തിയവരുമായി പൊലീസ് ഒത്തുകളിച്ചെന്ന ആരോപണത്തില്‍ അന്വേഷണത്തിനും സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആരോപണങ്ങള്‍ അന്വേഷിക്കാൻ ദത്താത്രയ് പദ്‌സാല്‍ഗിക്കറോടാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

കേസുകളുടെ അന്വേഷണത്തിന് ആവശ്യമായ സഹായം നല്‍കാൻ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരിനും നിര്‍ദ്ദേശം നല്‍കിയ സുപ്രീംകോടതി രണ്ട് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഉത്തരവിട്ടു. ഇരു റിപ്പോര്‍ട്ടുകളും ഒക്ടോബര്‍ 13 ന് കോടതി പരിഗണിക്കും. നിലവില്‍ മണിപ്പൂരില്‍ സംഘര്‍ഷത്തിന് അയവില്ല. 

Related News