മോദിയുടെ പ്രതിച്ഛായയും ഭരണനേട്ടങ്ങളും ഉയര്‍ത്തിക്കാട്ടും,നിര്‍ണായക സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നേരിടാന്‍ ബിജെപി

  • 17/08/2023

ദില്ലി: നിര്‍ണായക സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയെ ഉയര്‍ത്തിക്കാട്ടി നേരത്തെ കളംപിടിക്കാന്‍ ബിജെപി. ദില്ലിയില്‍ ചേര്‍ന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് പ്രചാരണം തുടങ്ങാൻ തീരുമാനമായത്. കടുത്ത മത്സരമുള്ള സീറ്റുകളില്‍ നേരത്തെ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനും ധാരണയായി.


ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനലായാണ് 5 സംസ്ഥാനങ്ങളിലെ നിയമസഭാ തെര‍ഞ്ഞെടുപ്പുകളെ ബിജെപി കേന്ദ്ര നേതൃത്വം കണക്കാക്കുന്നത്. ഇതാദ്യമായാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മാസങ്ങള്‍ക്ക് മുൻപേതന്നെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ചേര്‍ന്ന്, ബിജെപി സ്ഥിതി വിലയിരുത്തുന്നത്. മധ്യപ്രദേശ് ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ സാഹചര്യമാണ് പ്രധാനമന്ത്രിയടക്കമുള്ള നേതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ വിലയിരുത്തിയത്. ഈ സംസ്ഥാനങ്ങളുടെ ചുമതലയുള്ളവര്‍ ഒരുക്കങ്ങളുടെ പുരോഗതിയെകുറിച്ചുള്ള റിപ്പോര്‍ട്ട് യോഗത്തില്‍ അവതരിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിച്ഛായയും ഭരണനേട്ടങ്ങളും ഉയര്‍ത്തിക്കാട്ടി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും, ലോക്സഭാ തെരഞ്ഞെടുപ്പ് പിന്നാലെ നടക്കാനിരിക്കെ മുന്നണിയില്‍ അച്ചടക്കം ഉറപ്പാക്കും, ഉടക്കി നില്‍ക്കുന്ന സഖ്യ കക്ഷികളിലുള്ളവരെയടക്കം പദവികള്‍ നല്‍കി അനുനയിപ്പിക്കും.

പ്രതിപക്ഷത്തുള്ള സംസ്ഥാനങ്ങളില്‍ സര്‍ക്കാറിനെതിരെ ഉന്നയിക്കാവുന്ന വിഷയങ്ങള്‍ കണ്ടെത്തി പ്രചാരണം സജീവമാക്കും, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേരിയ മാര്‍ജിനില്‍ വിജയിക്കുകയും ആയിരത്തില്‍ താഴെ വോട്ടിന് പരാജയപ്പെടുകയും ചെയ്ത മണ്ഡലങ്ങള്‍ കണ്ടെത്തി നേരത്തെ പ്രചാരണം സജീവമാക്കാനും യോഗത്തില്‍ തീരുമാനമായി. മധ്യപ്രദേശില്‍ ഇത്തരത്തിലുള്ള 103 സീറ്റുകളും ഛത്തീസ്ഗഡില്‍ 27 സീറ്റുളുമാണ് ഉള്ളത്. ഈ സീറ്റുകളില്‍ നിര്‍ത്തേണ്ട സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചും പ്രാഥമിക ചര്‍ച്ച ഗത്തില്‍ നടന്നു. ഈ വര്‍ഷം അവസാനം തെരഞ്ഞെടുപ്പ് നടക്കുന്ന 5 സംസ്ഥാനങ്ങളില് മധ്യപ്രദേശില് മാത്രമാണ് ബിജെപിക്ക് അധികാരമുള്ളത്.

Related News