'മുന്നിലുള്ളവരെ നഗ്നരായി കാണാം, ഭാവി അറിയാം'; മാന്ത്രികക്കണ്ണാടി തട്ടിപ്പ്

  • 17/08/2023

ഭുവനേശ്വര്‍: അത്ഭുതങ്ങള്‍ കാണിക്കുമെന്ന വ്യാജേന നടന്ന മാന്ത്രികക്കണ്ണാടി തട്ടിപ്പില്‍ ഒഡിഷ സ്വദേശിക്ക് നഷ്ടമായത് ഒൻപത് ലക്ഷം രൂപ! കാണ്‍പൂര്‍ സ്വദേശിയായ അവിനാശ് കുമാര്‍ ശുക്ലയാണു തട്ടിപ്പിനിരയായത്. സംഭവത്തില്‍ പശ്ചിമ ബംഗാള്‍ സ്വദേശികളായ മൂന്നുപേര്‍ അറസ്റ്റിലായി. 


ഭുവനേശ്വറിലെ നായപള്ളി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പരാതിയിലാണു നടപടി. ബംഗാള്‍ സ്വദേശികളായ പാര്‍ത്ഥ സിങ്‌റായ്, മൊലായ സര്‍ക്കാര്‍, സുദിപ്ത സിൻഹ റോയ് എന്നിവരാണു പിടിയിലായത്. മുന്നിലുള്ളവരെ നഗ്നരായി കാണിക്കുകയും ഭാവി പ്രവചിക്കുകയും ചെയ്യുന്ന കണ്ണാടിയെന്ന പേരിലാണു പ്രതികള്‍ 'മാജിക് മിറര്‍' വില്‍പന നടത്തിയത്. പുരാവസ്തു ശേഖരണത്തിന് അറിയപ്പെട്ട സിംഗപ്പൂര്‍ കമ്ബനിയില്‍ ജീവനക്കാരാണെന്നു സ്വയംപരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ്.

ഒരു മാന്ത്രികക്കണ്ണാടിക്ക് രണ്ടു കോടി രൂപയാണു വില പറഞ്ഞിരുന്നത്. യു.എസില്‍ നാസയിലെ ശാസ്ത്രജ്ഞര്‍ ഉപയോഗിക്കുന്നതാണു കണ്ണാടിയെന്നും ഇവര്‍ അവകാശപ്പെട്ടു. അങ്ങനെ മുൻകൂറായി ഒൻപത് ലക്ഷം നല്‍കുകയും ചെയ്തു. ഭുവനേശ്വറിലെ ഹോട്ടലില്‍നിന്നു ബാക്കി തുക നേരില്‍ നല്‍കാമെന്ന് അവിനാശ് അറിയിക്കുകയായിരുന്നു. 

തുടര്‍ന്ന് പ്രതികള്‍ ഹോട്ടലിലെത്തി. എന്നാല്‍, ഇവരുടെ സംസാരത്തില്‍ സംശയം തോന്നിയ അവിനാശ് മുൻകൂറായി നല്‍കിയ തുക തിരിച്ചുചോദിച്ചെങ്കിലും ഇവര്‍ നല്‍കാൻ കൂട്ടാക്കിയില്ല. ഇവര്‍ ഹോട്ടലില്‍നിന്നു രക്ഷപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് നായാപള്ളി പൊലീസ് സ്റ്റേഷനില്‍ ഇദ്ദേഹം പരാതി നല്‍കിയത്. പ്രതികളില്‍നിന്ന് ഒരു കാറും അഞ്ച് മൊബൈല്‍ ഫോണും 25,000 രൂപയും പിടിച്ചെടുത്തിട്ടുണ്ട്.

Related News