ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാല്‍ രാജ്യത്തെ രക്ഷിക്കാന്‍ ആര്‍ക്കും കഴിയില്ല: സ്റ്റാലിന്‍

  • 17/08/2023

2024ല്‍ കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ തിരിച്ചെത്തിയാല്‍ രാജ്യത്തെ രക്ഷിക്കാൻ ആര്‍ക്കും കഴിയില്ലെന്ന് ഡിഎംകെ അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിൻ. ഇന്‍ഡ്യ സഖ്യത്തിന്‍റെ വിജയം ഉറപ്പാക്കാൻ ഡി.എം.കെ പോളിങ് ബൂത്ത് ഏജന്‍റുമാര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് ആഹ്വാനം ചെയ്ത സ്റ്റാലിൻ, കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാരും മണിപ്പൂരിലെ ബി.ജെ.പി സര്‍ക്കാരും പരാജയമാണെന്നും പറഞ്ഞു. മണിപ്പൂര്‍ സംഭവം ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെക്കൻ തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


പ്രതിപക്ഷ ഐക്യം ബി.ജെ.പിയെ വലച്ചുവെന്നും പാര്‍ട്ടിയിലെ നേതാക്കള്‍ അരക്ഷിതാവസ്ഥ അനുഭവിക്കുന്നുണ്ടെന്നും സ്റ്റാലിന്‍ പരിഹസിച്ചു. ദേശീയ പാര്‍ട്ടിയുടെ ഭീഷണികളില്‍ ഡിഎംകെ പതറില്ലെന്നും അദ്ദേഹം പറഞ്ഞു."അവരുടെ മുന്നില്‍ സാഷ്ടാംഗം പ്രണമിക്കാൻ ഞങ്ങള്‍ എഐഎഡിഎംകെ അല്ല. ഞങ്ങള്‍ ശക്തമായ ഒരു വിക്കറ്റിലാണ്, ഞങ്ങള്‍ തീര്‍ച്ചയായും വിജയിക്കുകയാണ്," തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും 40 ലോക്‌സഭാ സീറ്റുകളിലും പാര്‍ട്ടിയുടെ സഖ്യം വിജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മണിപ്പൂരിലെ യഥാര്‍ഥ പ്രശ്‌നത്തെക്കുറിച്ച്‌ സംസാരിക്കുന്നതില്‍ നിന്ന് പ്രധാനമന്ത്രിയെ രക്ഷിക്കാൻ വേണ്ടിയാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമൻ ജയലളിതയെ (1989-ല്‍ നിയമസഭയില്‍ ആക്രമിച്ചത്) പാര്‍ലമെന്‍റില്‍ ബോധപൂര്‍വം പരാമര്‍ശിച്ചതെന്ന് സ്റ്റാലിൻ ആരോപിച്ചു.

Related News