മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ബജ്‌റങ്ദളിനെ നിരോധിക്കില്ല; കലാപകാരികളെയും ഗുണ്ടകളെയും നിലയ്ക്കുനിര്‍ത്തും-ദിഗ്‌വിജയ സിങ്

  • 18/08/2023

ഭോപ്പാല്‍: മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പുതിയ ചര്‍ച്ചയായി ബജ്‌റങ്ദള്‍ നിരോധനം. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ബജ്‌റങ്ദളിനെ നിരോധിക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ അംഗവുമായ ദിഗ്‌വിജയ സിങ് വ്യക്തമാക്കി. എന്നാല്‍, ഗുണ്ടകളെയും കലാപകാരികളെയും നിലയ്ക്കുനിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. 


ഭോപ്പാലില്‍ മധ്യപ്രദേശ് കോണ്‍ഗ്രസ് ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ദിഗ്‌വിജയ സിങ്. സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തിലേക്കു തിരിച്ചെത്തിയാല്‍ ബജ്‌റങ്ദളിനെ നിരോധിക്കുമോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തരുടെ ചോദ്യം. ഇതിനോടുള്ള കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: ''ഞങ്ങള്‍ ബജ്‌റങ്ദളിനെ നിരോധിക്കില്ല. അക്കൂട്ടത്തിലും നല്ല മനുഷ്യരുണ്ടാകും. എന്നാല്‍, കലാപങ്ങളിലും അക്രമങ്ങളിലും ഭാഗമാകുന്ന ഒരാളെയും വെറുതെവിടില്ല.''

ഹിന്ദുത്വത്തെക്കുറിച്ചുള്ള നിലപാടും മാധ്യമങ്ങള്‍ ആരാഞ്ഞു. താനൊരു ഹിന്ദുവായിരുന്നു, ഇപ്പോഴും ആണ്, ഇനിയും അങ്ങനെത്തന്നെ ആയിരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ''ഹിന്ദു മതാനുയായിയാണു ഞാൻ. സനാതന ധര്‍മമാണു ഞാൻ പിന്തുടരുന്നത്. മുഴുവൻ ബി.ജെ.പി നേതാക്കളെക്കാളും വലിയ ഹിന്ദുവാണ് ഞാൻ. ഈ രാജ്യം എല്ലാവരുടേതുമാണ്; ഹിന്ദുവിന്റെയും മുസ്‌ലിമിന്റെയും സിഖുകാരന്റെയും ക്രിസ്ത്യാനിയുടേതുമെല്ലാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും (മധ്യപ്രദേശ്) മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും രാജ്യത്തെ വിഭജിക്കുന്നതു നിര്‍ത്തണം. രാജ്യത്ത് സമാധാനം സ്ഥാപിക്കണം. സമാധാനത്തിലൂടെ മാത്രമേ രാജ്യത്തിനു പുരോഗതിയുണ്ടാകൂ''-ദിഗ്‌വിജയ സിങ് കൂട്ടിച്ചേര്‍ത്തു.

Related News