2024 ലോക്‌സഭ തെരഞ്ഞെടുപ്പ്: രാഹുല്‍ ഗാന്ധി അമേഠിയില്‍ മത്സരിക്കുമെന്ന് യു.പി പി.സി.സി അധ്യക്ഷന്‍

  • 18/08/2023

ലഖ്‌നൗ: 2024 ലോക്‌സഭ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ അമേഠിയില്‍ മത്സരിക്കുമെന്ന് പി.സി.സി അധ്യക്ഷൻ അജയ് റായ്. മാധ്യമങ്ങളോട് സംസാരിക്കവേയാണ് യുപി പിസിസിയുടെ പുതിയ പ്രസിഡൻറായി കഴിഞ്ഞ ദിവസം ചുമതലയേറ്റ അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അതേസമയം, പ്രിയങ്ക ഗാന്ധി അവര്‍ക്ക് ഇഷ്ടമുള്ളയിടത്ത് മത്സരിക്കുന്നമെന്നും ഇഷ്ടമുണ്ടെങ്കില്‍ വാരണാസിയില്‍ മോദിക്ക് എതിരെ മത്സരിക്കാൻ പ്രിയങ്ക എത്തുമെന്നും അജയ് റായ് പറഞ്ഞു. പ്രിയങ്ക വാരണാസിയില്‍ മത്സരിച്ചാല്‍ അവരെ വിജയിപ്പിക്കാൻ പ്രവര്‍ത്തകര്‍ ഒന്നിച്ചിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.


കഴിഞ്ഞ തവണ അമേഠിയിലും വയനാട്ടിലും രാഹുല്‍ മത്സരിച്ചിരുന്നുവെങ്കിലും വയനാട്ടില്‍ മാത്രമാണ് വിജയിച്ചിരുന്നത്. കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രിയായ സ്മൃതി ഇറാനിയാണ് 2019 ലെ തെരഞ്ഞെടുപ്പില്‍ രാഹുലിനെ തോല്‍പ്പിച്ചത്. 55,120 വോട്ടിനാണ് സ്മൃതി രാഹുലിനെ അട്ടിമറിച്ചത്. സ്മൃതി 4,68,514 വോട്ട് നേടിയപ്പോള്‍ രാഹുലിന് 4,13,394 വോട്ടാണ് ലഭിച്ചത്. 2004 മുതല്‍ 2014 വരെ മണ്ഡലത്തിലെ എംപിയായിരുന്നു രാഹുല്‍. 2004, 2009, 2014 തെരഞ്ഞെടുപ്പുകളിലെല്ലാം രാഹുല്‍ വിജയിച്ചു. അതിന് മുമ്ബ് 1999ല്‍ സോണിയ ഗാന്ധിയായിരുന്നു ലോക്‌സഭയിലെ അമേഠിയെ പ്രതിനിധീകരിച്ചത്.

1967 മുതല്‍ അമേഠി കോണ്‍ഗ്രസ് കയ്യിലായിരുന്നു. 1977 -80 കാലയളവിലെ മൂന്ന് വര്‍ഷവും 1998-99 കാലത്തെ ഒരു വര്‍ഷവും മാത്രമാണ് കോണ്‍ഗ്രസിന് മണ്ഡലം നഷ്ടപ്പെട്ടിരുന്നത്. 1967 മുതല്‍ 1971 വരെ കോണ്‍ഗ്രസിന്റെ വിദ്യാ ധര്‍ ബാജ്‌പേയായിരുന്നു അമേഠി എം.പി. 1977ല്‍ ജനതാ പാര്‍ട്ടിയുടെ രവീന്ദ്ര പ്രതാപ് സിംഗ് വിജയിച്ചു. എന്നാല്‍ 1980ല്‍ സഞ്ജയ് ഗാന്ധിയും 1981 മുതല്‍ 1991 വരെ രാജീവ് ഗാന്ധിയും മണ്ഡലത്തിലെ എംപിയായി. പിന്നീട് 1996 വരെ കോണ്‍ഗ്രസിലെ തന്നെ സതീശ് ശര്‍മ എംപിയായി. എന്നാല്‍ 1998ല്‍ ബിജെപി പ്രതിനിധിയായ സഞ്ജയ് സിംഗ് മണ്ഡലത്തില്‍ വിജയിച്ചു.

Related News