മധ്യപ്രദേശില്‍ സിന്ധ്യ ക്യാമ്ബിലെ നേതാക്കള്‍ കൂട്ടത്തോടെ കോണ്‍ഗ്രസിലേക്ക് മടങ്ങുന്നു

  • 19/08/2023

ഭോപ്പാല്‍: മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ ജോതിരാധിത്യ സിന്ധ്യക്കൊപ്പമുള്ള നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് മടങ്ങുന്നത് ബി.ജെപിക്ക് തിരിച്ചടിയാകുന്നു. സിന്ധ്യയുടെ വിശ്വസ്തനായ സാമന്ദര്‍ പട്ടേല്‍ കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 1200 വാഹനങ്ങളുടെ അകമ്ബടിയില്‍ 5000 ത്തോളെ അനുയായികളെയും കൂട്ടി ശക്തിപ്രകടനം നടത്തിയാണ് സാമന്ദര്‍ പട്ടേല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയത്. 2020ല്‍ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിച്ച്‌ ജ്യോതിരാധിത്യ സിന്ധ്യക്കൊപ്പമാണ് സാമന്ദര്‍ പട്ടേലും കോണ്‍ഗ്രസ് വിട്ടത്.


യാതൊരു നിബന്ധനയുമില്ലാതെയാണ് പട്ടേല്‍ പാര്‍ട്ടിയില്‍ മടങ്ങിയെത്തിയതെന്ന് കമല്‍നാഥ് പറഞ്ഞു. അദ്ദേഹത്തിന്റെ സത്യസന്ധതയാണ് അദ്ദേഹത്തെ കോണ്‍ഗ്രസിലെത്തിച്ചത്. 2018ല്‍ ജനങ്ങള്‍ കോണ്‍ഗ്രസിനെയാണ് തെരഞ്ഞെടുത്തത്. എന്നാല്‍ ശിവരാജ് സിങ് ചൗഹാൻ പണത്തിന്റെ ബലത്തില്‍ കുതിരക്കച്ചവടം നടത്തി ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചു. 18 വര്‍ഷമായി ബി.ജെ.പിയാണ് സംസ്ഥാനം ഭരിക്കുന്നത്. എവിടെ നോക്കിയാലും അഴിമതി മാത്രമാണ് നടക്കുന്നതെന്നും ഒരു മാറ്റവും സംസ്ഥാനത്ത് ഉണ്ടാക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മധ്യപ്രദേശില്‍ അടുത്തിടെ കോണ്‍ഗ്രസിലേക്ക് മടങ്ങിയ മൂന്നാമത്തെ സിന്ധ്യ പക്ഷക്കാരനാണ് സാമന്ദര്‍ പട്ടേല്‍. മൂവരും വൻ വ്യൂഹവുമായി ശക്തിപ്രകടനത്തോടെയാണ് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്. ജൂണ്‍ 14ന് ശിവപുരിയിലെ ബി.ജെ.പി നേതാവ് ബൈജ്‌നാഥ് സിങ് യാദവ് 700 കാറുകളുടെ അകമ്ബടിയിലാണ് റാലി നടത്തി കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ജൂണ്‍ 26ന് ശിവപുരി ജില്ലാ പ്രസിഡന്റ് രാകേഷ് കുമാര്‍ ഗുപ്തയും സമാനമായ റാലി നടത്തി കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

ഈ വര്‍ഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശില്‍ ഭരണം തിരിച്ചുപിടിക്കാനാവുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. സിന്ധ്യ പക്ഷത്തെ നേതാക്കള്‍ പാര്‍ട്ടിയിലെത്തുന്നത് ഇതിന് കരുത്താവുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.

Related News