ശശി തരൂരും കെ സി വേണുഗോപാലും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍

  • 20/08/2023

ദില്ലി: കോണ്‍ഗ്രസ് 39 അംഗ പ്രവര്‍ത്തക സമിതിയെ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നും കെ സി വേണുഗോപാലും എ കെ ആന്റണിയും ശശി തരൂരും പ്രവര്‍ത്തകസമിതിയിലുണ്ട്. രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവും കൊടിക്കുന്നില്‍ സുരേഷിനെ പ്രത്യേക ക്ഷണിതാവുമായി ഉള്‍പ്പപ്പെടുത്തി. രാജസ്ഥാനില്‍ ഇടഞ്ഞുനിന്ന സച്ചിൻ പൈലറ്റും പ്രവര്‍ത്തക സമിതിയിലുണ്ട്. കനയ്യ കുമാറിനെ പ്രത്യേക ക്ഷണിതവായും ഉള്‍പ്പെടുത്തി. തിരുത്തല്‍ വാദികളായ ജി- 23 നേതാക്കളെയും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജി-23 നേതാവായ മനീഷ് തിവാരിയെ സ്ഥിരം ക്ഷണിതവായി ഉള്‍പ്പെടുത്തി.


കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച്‌ വലിയ പിന്തുണ നേടാൻ ശശി തരൂരിന് കഴിഞ്ഞിരുന്നു. എന്നാല്‍ പ്രവര്‍ത്തകസമിതിയില്‍ അംഗത്വം നല്‍കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു. പ്രവര്‍ത്തകസമിതിയില്‍ ഉള്‍പ്പെട്ടതുവഴി സംഘടനപരമായി പാര്‍ട്ടിയില്‍ ഉയരാൻ കൂടി ശശി തരൂരിന് സാധിക്കും. മല്ലികാര്‍ജുൻ ഖാര്‍ഗെ, മൻമോഹൻ സിങ്ങ്, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, അധിര്‍ രഞ്ജൻ ചൗധരി എന്നിവര്‍ തുടരും എന്നതില്‍ സംശയമുണ്ടായിരുന്നില്ല.

ഇവര്‍ക്ക് പുറമെ 34 അംഗങ്ങള്‍ കൂടി പ്രവര്‍ത്തക സമിതിയിലുണ്ട്. രാജസ്ഥാനില്‍ നടന്ന ചിന്തൻ ശിബിറില്‍ യുവാക്കള്‍ക്ക് കൂടി പ്രാധിനിത്യം നല്‍കണമെന്ന തീരുമാനമുണ്ടായിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് സച്ചിൻ പൈലറ്റിനെയും കനയ്യ കുമാറിനെയും ഉള്‍പ്പടെയുള്ളവരെ പ്രവര്‍ത്തകസമിതിയില്‍ ഉള്‍പ്പെടുത്തിയത്. പ്രവര്‍ത്തക സമിതിയിലെ 39 അംഗങ്ങള്‍ക്ക് പുറമെ 23 സ്ഥിരം ക്ഷണിതാക്കളും പ്രവര്‍ത്തക സമിതിയിലുണ്ട്.

Related News