അലഞ്ഞുതിരിയുന്ന കന്നുകാലികളുമായി മന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞു; യു.പിയില്‍ 90 പേര്‍ക്കെതിരെ കേസ്

  • 21/08/2023

ലഖ്‌നൗ: അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ് നാട്ടുകാര്‍. ഉത്തര്‍പ്രദേശ് മൃഗസംരക്ഷണ മന്ത്രി ധരംപാല്‍ സിംഗിന്റെ വാഹനം തടഞ്ഞ 90 ഓളം പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. ബറോലി ജില്ലിലാണ് സംഭവം.


അൻല തെഹ്സിലിലെ ഗുഡ്ഗാവില്‍ 9.14 കോടി രൂപ ചെലവില്‍ സ്ഥാപിക്കുന്ന അനിമല്‍ പോളിക്ലിനിക്കിന്റെ ഭൂമി പൂജയ്ക്ക് പോകുകയായിരുന്നു മന്ത്രി. അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ പ്രശ്നം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താനായി കന്നുകാലികളുമായി പിപ്പരിയ ഉപ്രാല ഗ്രാമത്തിലെ നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയായിരുന്നു. പ്രതിഷേധത്തില്‍ മന്ത്രിയുടെ വാഹനവ്യൂഹം 40 മിനിറ്റോളം റോഡില്‍ കുടുങ്ങി. 

പ്രദേശത്ത് ഗ്രാമസഭയുടെ സ്ഥലം കണ്ടെത്തി ഉടൻ പശുസംരക്ഷണ കേന്ദ്രം സ്ഥാപിക്കുമെന്ന് മന്ത്രി ഗ്രാമവാസികള്‍ക്ക് ഉറപ്പ് നല്‍കിയതോടെയാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. വെറ്ററിനറി ഓഫീസര്‍ സഞ്ജയ് കുമാര്‍ ശര്‍മ്മയുടെ പരാതിയിലാണ് അജ്ഞാതരായ 90 പേര്‍ക്കെതിരെ ഐപിസി സെക്ഷൻ 341 പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് അഡീഷണല്‍ എസ്പി (റൂറല്‍) രാജ്കുമാര്‍ അഗര്‍വാള്‍ പറഞ്ഞു.

Related News