ബാങ്ക് മാനേജര്‍ ഓഫീസിനുള്ളില്‍ വെച്ച്‌ കീടനാശിനി കുടിച്ച്‌ ആത്മഹത്യ ചെയ്തു; ആരോപണവുമായി കുടുംബം

  • 21/08/2023

ഹൈദരാബാദ്: ബാങ്ക് മാനേജര്‍ ബാങ്കിനുള്ളില്‍ വെച്ച്‌ കീടനാശിനി കുടിച്ച്‌ ആത്മഹത്യ ചെയ്തു. ജോലി സംബന്ധമായ സമ്മര്‍ദം കാരണമാണ് ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു. തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. തെലങ്കാനയിലെ കുമരം ഭീം ആസിഫബാദ് ജില്ലയിലായിരുന്നു സംഭവം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വാങ്കിടി മണ്ഡല്‍ ശാഖാ മാനേജറായിരുന്ന ബാനോത്ത് സുരേഷ് (35) ആണ് മരിച്ചത്. 


കടുത്ത ജോലി സമ്മര്‍ദം മൂലം സുരേഷിന് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നതായി കുടുംബം ആരോപിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബ് വൈകുന്നേരം 7.30ഓടെ ബാങ്കിലെ തന്റെ ഓഫീസിനുള്ളില്‍ വെച്ച്‌ സുരേഷ് കീടനാശിനി കുടിക്കുകയായിരുന്നു. തുടര്‍ന്ന് ഛര്‍ദി ആരംഭിച്ചു. ഇതോടെ മറ്റ് ജീവനക്കാര്‍ അദ്ദേഹത്തെ ആസിഫബാദിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആസിഫബാദില്‍ താമസിച്ചിരുന്ന സുരേഷിന്റെ കുടുംബാംഗങ്ങളെയും സഹപ്രവര്‍ത്തകര്‍ വിവരം അറിയിച്ചു.

ആസിഫബാദിലെ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം മാന്‍ചെരിയാലിലെ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് ആരോഗ്യ നില മോശമാവാന്‍ തുടങ്ങിയപ്പോള്‍ കരീംനഗറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ വെച്ചാണ് മരണം സംഭവിച്ചത്. സുരേഷിന് ഭാര്യ പ്രിയങ്കയ്ക്കൊപ്പം നാല് വയസായ മകനുമുണ്ട്. ജോലി സംബന്ധമായി കടുത്ത മാനസിക സമ്മര്‍ദം അനുഭവിക്കുന്നതായും രണ്ട് പേരുടെ ജോലിയാണ് താന്‍ ഒറ്റയ്ക്ക് ചെയ്യുന്നതെന്നും സുരേഷ് തന്നോട് പറഞ്ഞിരുന്നുവെന്ന് പ്രിയങ്ക വെളിപ്പെടുത്തി. ചിന്തഗുഡ സ്വദേശിയായ സുരേഷിന് ഒരു വര്‍ഷം മുമ്ബാണ് വാങ്കിടി ശാഖയുടെ മാനേജറായി സ്ഥലം മാറ്റം ലഭിച്ചത്. സുരേഷിന്റെ പിതാവ് പരാതി നല്‍കിയത് പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Related News