ബ്രിക്സ് ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജൊഹന്നാസ്ബെര്‍‍ഗിലെത്തി

  • 22/08/2023

ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജൊഹന്നാസ്ബെര്‍ഗിലെത്തി. ഇന്ത്യൻ സമയം വൈകിട്ട് 5.15നാണ് പ്രധാനമന്ത്രി വിമാനം ഇറങ്ങിയത്. 2020-ന് ശേഷമാദ്യമായിട്ടാണ് ബ്രിക്സ് ഉച്ചകോടി നേരിട്ട് നടക്കുന്നത്. കൊവിഡിനെ തുടര്‍ന്ന് ഇതിന് മുമ്ബുള്ള ഉച്ചകോടി ഓണ്‍ലൈനായാണ് നടന്നിരുന്നത്. ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, റഷ്യ,ബ്രസീല്‍ എന്നീ 5 രാജ്യങ്ങളാണ് ബ്രിക്സ് അംഗരാജ്യങ്ങള്‍. നാല് രാജ്യങ്ങളിലെ നേതാക്കള്‍ നേരിട്ട് തന്നെ ഈ ഉച്ചകോടിയില്‍ പങ്കെടുക്കും. ബ്രസീലിന്റെ പ്രസിഡന്റ് ഡി സില്‍വ, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ് എന്നിവര്‍ നേരിട്ട് ദക്ഷിണാഫ്രിക്കയില്‍ എത്തും. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറില്‍ റാംഫോസയാണ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്.


അതേസമയം റഷ്യൻ പ്രസിഡന്റ് വ്ളാദിമിര്‍ പുട്ടിൻ ഉച്ചകോടിയില്‍ പങ്കെടുക്കാൻ എത്തുന്നില്ല. അന്തരാഷ്ട്ര കുറ്റവാളിയെന്ന് പ്രഖ്യാപിച്ച്‌ പുട്ടിനെ അറസ്റ്റ് ചെയ്യണമെന്ന അന്താരാഷ്ട്ര ക്രിമിനല്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഈ സാഹചര്യം നിലനില്‍ക്കുന്നതുകൊണ്ടാണ് വ്ളാദിമിര്‍ പുട്ടിൻ ദക്ഷിണാഫ്രിക്കയിലേക്ക് എത്താത്തത്. പുട്ടിന് പകരം റഷ്യൻ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ് ഉച്ചകോടിയില്‍ നേരിട്ട് പങ്കെടുക്കും. വ്ളാദിമിര്‍ പുട്ടിന്‍ വെര്‍ച്വലായി ഉച്ചകോടിയില്‍ പങ്കെടുത്തേക്കും. ബ്രിക്സ് രാജ്യങ്ങള്‍ക്ക് ഏകീകൃത കറൻസിയെന്ന നിര്‍ദ്ദേശത്തെ ഇന്ത്യ എതിര്‍ക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംങുമായി കൂടികാഴ്ച നടത്തുമോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

രണ്ട് പ്രധാന ഭാഗങ്ങളായാണ് ഉച്ചകോടി നടക്കുക. ബ്രിക്സിലെ 5 അംഗരാജ്യങ്ങള്‍ പങ്കെടുക്കുന്നതാകും ആദ്യ യോഗം അതിന് ശേഷം ബ്രിക്സ് പ്ലസ് എന്ന പേരില്‍ കൂടുതല്‍ രാജ്യങ്ങളെ ക്ഷണിച്ചു കൊണ്ട് രണ്ടാം യോഗം നടക്കും. പ്രത്യേകിച്ച്‌ ആഫ്രിക്കൻ മേഖലയില്‍ നിന്നുള്ള രാജ്യങ്ങളെ ദക്ഷിണാഫ്രിക്ക ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പശ്ചിമേഷ്യൻ രാജ്യങ്ങളായ യു എ ഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെയാണ് ഇന്ത്യ ഉച്ചകോടിയിലേക്ക് ക്ഷണിച്ചത്.

Related News