ചന്ദ്രനെ തൊട്ട് ചന്ദ്രയാന്‍; ദേശീയപതാക വീശി ആഹ്ലാദം പങ്കിട്ട് പ്രധാനമന്ത്രി

  • 23/08/2023

ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ മൂന്ന് ചന്ദ്രനെ തൊട്ട ചരിത്ര നിമിഷത്തില്‍ ദേശീയപതാക വീശി ആഹ്ലാദം പങ്കുവച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ചന്ദ്രയാൻ മിഷൻ വിജയത്തോടടുക്കുന്ന സമയം ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബര്‍ഗില്‍ നിന്ന് ഐഎസ്‌ആര്‍ഓയ്ക്കൊപ്പം ചേര്‍ന്ന പ്രധാനമന്ത്രി, വിജയ നിമിഷം കയ്യിലുള്ള ദേശീയ പതാക വീശിയാണ് ആഘോഷമാക്കിയത്. ചരിത്ര നിമിഷത്തില്‍ 'ഇന്ത്യ ഈസ് ഓണ്‍ ദ മൂണ്‍' എന്ന് പറഞ്ഞ ഐഎസ്‌ആര്‍ഒ ചെയര്‍മാൻ, രാജ്യത്തെയും ഞങ്ങളെയും അഭസംബോധന ചെയ്യാൻ മോദിയെ ക്ഷണിക്കുകയായിരുന്നു. 


ഓഗസ്റ്റ് 23 വൈകുന്നേരം ആറേ കാലോടെയാണ് രാജ്യം ചരിത്രം കുറിച്ചത്. ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ മൂന്ന് ചന്ദ്രോപരിതലത്തില്‍ ഇറങ്ങി. ഇന്നോളം ഒരു രാജ്യത്തിന്റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ലോകത്തെ സാക്ഷിയാക്കി ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയത്. വൈകിട്ട് 5.45ന് തുടങ്ങിയ സോഫ്റ്റ് ലാൻഡിംഗ് പ്രക്രിയ 19 മിനുട്ടുകള്‍ കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. 

ചന്ദ്രനില്‍ സോഫ്റ്റ്‍ലാൻഡിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന ഖ്യാതിയും ചരിത്രനേട്ടവുമാണ് ഇതോടെ ഇന്ത്യ സ്വന്തമാക്കിയത്. ബെംഗളൂരുവിലെ ഐഎസ്‌ആര്‍ഒ ടെലിമെട്രി & ട്രാക്കിംഗ് കമാൻഡ് നെറ്റ് വ‍ര്‍ക്കിലെ മിഷൻ ഓപ്പറേഷൻസ് കോപ്ലക്സ് വഴിയാണ് പേടകവുമായുള്ള ആശയവിനിമയം. ചന്ദ്രയാൻ രണ്ട് ഓര്‍ബിറ്റര്‍ വഴിയാണ് ഭൂമിയില്‍ നിന്നുള്ള സിഗ്നലുകള്‍ ലാൻഡറിലേക്ക് എത്തുന്നത്. 

Related News