ചന്ദ്രയാന്‍ 3 ദൗത്യം വിജയിച്ചു; അഭിനന്ദനങ്ങളുമായി നാസയും ഇ.എസ്.എയും

  • 23/08/2023

ഇന്ത്യയുടെ ചന്ദ്രയാൻ 3 ദൗത്യം വിജയിച്ചതിന് പിന്നാലെ അഭിനന്ദിച്ച്‌ നാസയും യു.കെ സ്‌പേസ് ഏജൻസിയും യുറോപ്യൻ സ്‌പേസ് ഏജൻസിയും. ഇന്ന് വൈകുന്നേരം അറുമണിയോടെയാണ് ഐ.എസ്.ആര്‍.ഒ ശാസ്ത്ര ഫലമായി ഇന്ത്യ ചരിത്ര നേട്ടം സ്വന്തമാക്കിയത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ പേടകമിറക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യ. അതുപോലെ ചന്ദ്രനില്‍ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. ഇതിനുമുമ്ബ് റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങളാണ് ഈ ദൗത്യം പൂര്‍ത്തീകരിച്ചത്. നാല്‍പത് ദിവസം കൊണ്ട് 3.84 ലക്ഷം കിലോമീറ്റര്‍ താണ്ടിയാണ് ചന്ദയാൻ ചന്ദ്രനെ തൊട്ടത്.


ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ വിജയകരമായി ചന്ദ്രയാൻ 3 ലാൻഡ് ചെയത ഐ.എസ്.ആര്‍.ഒക്ക് അഭിനന്ദനങ്ങള്‍. ചന്ദ്രനില്‍ സോഫ്റ്റ് ലാൻഡിംഗ് ചെയ്ത ഇന്ത്യക്ക് അഭിനന്ദനങ്ങള്‍. നിങ്ങളോടൊപ്പം ഭാഗമാകാൻ സാധിച്ചതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്ന് നാസ അഡ്മിനിസ്‌ട്രേറ്റര്‍ ബില്‍ നെല്‍സണ്‍ എക്‌സില്‍ കുറിച്ചു.

ചരിത്രം കുറിച്ചു, അഭിനന്ദനങ്ങള്‍ ഐ.എസ്.ആര്‍.ഒ എന്നാണ് യു.കെ സ്‌പേസ് ഏജൻസി കുറിച്ചത്. അവശ്വസനീയം, ഐ.എസ്.ആര്‍.ഒക്കും ചാന്ദ്രയാൻ 3ക്കും ഇന്ത്യയിലെ മുഴുവൻ ജനങ്ങള്‍ക്കും അഭിനന്ദനങ്ങള്‍. എന്നാണ് യുറോപ്യൻ സ്‌പേസ് ഏജൻസി ഡയറക്ടര്‍ ജനറല്‍ ജോസഫ് അഷ്ബാച്ചര്‍ എക്‌സില്‍ കുറിച്ചത്.

പ്രൊപ്പള്‍ഷൻ മൊഡ്യൂള്‍ (ഭാരം 2,148 കിലോ ഗ്രാം) ലാൻഡര്‍ (1,723.89 കിലോ ഗ്രാം) റോവര്‍ (26 കിലോ ഗ്രാം) എന്നിവ അടങ്ങിയതാണ് ചന്ദ്രയാൻ 3. എകദേശം 600 കോടിയാണ് ഈ ദൗത്യത്തിനായി ചെലവായത്. ഇനി ലാൻഡര്‍ മൊഡ്യൂളില്‍ നിന്ന് റോവര്‍ പുറത്തേക്കിറങ്ങി പ്രോഗ്രാം ചെയ്തതനുസരിച്ചുള്ള പരീക്ഷണങ്ങള്‍ നടത്തും.

Related News