രാജ്യത്തിന് നാണക്കേടായി വിദ്യാര്‍ത്ഥിയെ മുഖത്തടിച്ച സംഭവം: അധ്യാപികക്കെതിരെ പൊലീസ് കേസെടുത്തു

  • 26/08/2023

ദില്ലി: അധ്യാപികയുടെ നിര്‍ദ്ദേശമനുസരിച്ച്‌ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ അധ്യാപികക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടിയുടെ അച്ഛൻ്റെ പരാതിയില്‍ മുസഫര്‍നഗര്‍ പൊലീസാണ് കേസെടുത്തത്. ഏഴ് വയസുകാരനാണ് സഹപാഠികളുടെ ക്രൂരമായ മര്‍ദ്ദനമേറ്റത്. അധ്യാപികയുടെ നിര്‍ദ്ദേശ പ്രകാരം കുട്ടിയെ സഹപാഠികള്‍ മുഖത്തടിക്കുകയായിരുന്നു.


ശരീരത്തിൻ്റെ മറ്റു ഭാഗങ്ങളിലും മര്‍ദ്ദനം തുടര്‍ന്നു. ഇതൊരാള്‍ ക്യാമറയിലും ചിത്രീകരിക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. ഒരു മണിക്കൂര്‍ നേരം കുട്ടിയെ മര്‍ദ്ദിച്ചെന്ന് കുട്ടിയുടെ അച്ഛൻ്റെ പരാതിയില്‍ പറയുന്നുണ്ട്.

അതേസമയം, സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദ്ദേശിച്ച്‌ ദേശീയ ബാലാവകാശ കമ്മീഷൻ രംഗതതെത്തി. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്ന് കമ്മീഷൻ അധ്യക്ഷൻ പ്രിയങ്ക് കനൂംഗോ പറഞ്ഞു. മുസഫര്‍ നഗറിലെ ഒരു നവോദയ വിദ്യാലയത്തിലാണ് സംഭവം നടന്നത്. കഴിഞ്ഞയാഴ്ച നടന്ന ക്രൂരസംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെയാണ് പുറത്തായത്.

ഒരു വിദ്യാര്‍ത്ഥിയെ ക്ലാസ് മുറിയില്‍ മാറ്റി നിര്‍ത്തിയിരിക്കുന്നു. കുട്ടിയെ കണക്കറ്റ് ശകാരിക്കുന്ന അധ്യാപിക മറ്റ് കുട്ടികളോട് അടിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. മുഖത്ത് അടിക്കാനുള്ള നിര്‍ദ്ദേശത്തൊടൊപ്പം ശരീരത്തിന്‍റെ മറ്റിടങ്ങളിലും മര്‍ദ്ദിക്കാന്‍ പ്രേരിപ്പിക്കുകയാണ്. ദൃശ്യങ്ങള്‍ പകര്‍ത്തുന്നയാളും സംഭവം ആസ്വദിക്കും വിധമുള്ള ശബ്ദം ദൃശ്യത്തില്‍ കേള്‍ക്കാം. 

Related News