'ചന്ദ്രനെ ഹിന്ദുരാഷ്ട്രവും ശിവശക്തി പോയിന്‍റ് തലസ്ഥാനവുമായി പ്രഖ്യാപിക്കണം'; ആവശ്യവുമായി ഹിന്ദു മഹാസഭാ നേതാവ്

  • 27/08/2023

ന്യൂഡല്‍ഹി: ചന്ദ്രനെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ഹിന്ദു മഹാസഭാ അധ്യക്ഷൻ സ്വാമി ചക്രപാണി. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ശിവശക്തി പോയിന്റിനെ അതിന്റെ തലസ്ഥാനമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരിനു കത്തയയ്ക്കുമെന്നും ചക്രപാണി അറിയിച്ചു.


ചന്ദ്രയാൻ ചന്ദ്രനില്‍ ഇറങ്ങിയ സ്ഥലത്തിന് ശിവശക്തി പോയിന്റ് എന്നു പേരിട്ടതിനു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറയുകയാണ്. മറ്റു മതക്കാരും ദേശക്കാരും അവിടെ പോകുന്നതിനുമുൻപ് ചന്ദ്രനെ ഹിന്ദു രാഷ്ട്രമാക്കണം. മറ്റാരെങ്കിലും അവിടെ പോയി ജിഹാദ് ചെയ്യുകയും ഇസ്‌ലാമിനെയോ മറ്റു മതങ്ങളെയോ പ്രചരിപ്പിക്കുകയും തീവ്രവാദം വളര്‍ത്തുകയും ചെയ്യുന്നതിനുമുൻപ് പ്രഖ്യാപനമുണ്ടാകണം. ശിവശക്തി പോയിന്റിനെ അതിന്റെ തലസ്ഥാനവുമാക്കണം-സ്വാമി ചക്രപാണി ആവശ്യപ്പെട്ടു.

ഭഗവാൻ ശിവന്റെ തലയില്‍ ചന്ദ്രൻ തിളങ്ങുന്നുണ്ട്. അതുകൊണ്ടുതന്നെ ഹിന്ദുക്കള്‍ക്കു ചന്ദ്രനുമായി പുരാതനകാലത്തു തന്നെ ബന്ധമുണ്ടെന്നും ചന്ദ്രനെ പരിപാവനമായി കാണുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചന്ദ്രനിലേക്കുള്ള യാത്ര കൂടുതല്‍ സുഗമമാകുമ്ബോള്‍ ശിവശക്തി പോയിന്റില്‍ ശിവ, പാര്‍വതി, ഗണേശ ക്ഷേത്രങ്ങള്‍ നിര്‍മിക്കാൻ പ്രമേയം പാസാക്കിയിട്ടുണ്ടെന്നും സ്വാമി ചക്രപാണി പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു പ്രധാനമന്ത്രി മോദിയുടെ ശിവശക്തി പ്രഖ്യാപനം. വിക്രം ലാൻഡര്‍ മുദ്രപതിച്ച സ്ഥലം 'തിരംഗ' എന്ന പേരില്‍ അറിയപ്പെടുമെന്നും ചന്ദ്രയാൻ ചന്ദ്രനില്‍ ഇറങ്ങിയ ആഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി ആചരിക്കുമെന്നും പ്രഖ്യാപനമുണ്ടായിരുന്നു. ബംഗളൂരുവില്‍ ഐ.എസ്.ആര്‍.ഒ ആസ്ഥാനത്ത് നടത്തിയ പ്രസംഗത്തിലായിരുന്നു മോദി ഇക്കാര്യം അറിയിച്ചത്. ചന്ദ്രയാൻ വിജയത്തില്‍ ശാസ്ത്രജ്ഞരെ അഭിനന്ദിക്കാനായി എത്തിയതായിരുന്നു അദ്ദേഹം.

Related News