പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയില്‍ പ്രിയങ്ക ഗാന്ധിയെ ഇറക്കാൻ കോണ്‍ഗ്രസ്. പുതുതായി സ്ഥാനമേറ്റ യു.പി പി.സി.സി അധ്യക്ഷൻ അജയ് റായ് ആണ് ഇതേക്കുറിച്ചുള്ള സൂചന നല്‍കിയത്. വാരാണസിയില്‍ മോദിയെ നേരിടാൻ പ്രിയങ്കയെ തന്നെ ഇറക്കണമെന്ന് ആവശ്യവുമായി നേതൃത്വത്തെ സമീപിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
''ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വാരാണസിയില്‍ പ്രിയങ്ക മത്സരിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. ഇതിനായി പാര്‍ട്ടി നേതൃത്വത്തിനുമുന്‍പാകെ നിര്‍ദേശം വയ്ക്കും. പ്രിയങ്കയ്ക്ക് അവര്‍ ആഗ്രഹിക്കുന്ന എവിടെയും മത്സരിക്കാം. ഞങ്ങളുടെ എല്ലാ ശക്തിയും ഉപയോഗിച്ച് അവരുടെ വിജയം ഉറപ്പാക്കുകയും ചെയ്യും. എന്നാല്‍, അവര്‍ വാരാണസിയില്‍ മത്സരിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം''-അജയ് റായ് വാര്‍ത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു. മോദിക്കെതിരെ ശക്തരായ ആളുകളുണ്ടെന്ന സന്ദേശം നല്‍കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ രണ്ടു തവണയും അജയ് റായിയായിരുന്നു മോദിക്കെതിരെ മണ്ഡലത്തില്‍ മത്സരിച്ചിരുന്നത്. 2014ല്‍ 75,614 വോട്ടു മാത്രം നേടി മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. രണ്ടു ലക്ഷത്തിലേറെ വോട്ട് നേടി എ.എ.പി തലവൻ അരവിന്ദ് കെജ്രിവാളായിരുന്നു രണ്ടാം സ്ഥാനത്ത്. 2019ല്‍ വോട്ട് കൂടുതല്‍ സമാഹരിക്കാനായെങ്കിലും(1,52,548 വോട്ട്) നില മെച്ചപ്പെടുത്താനായില്ല. എസ്.പിയുടെ ശാലിനി യാദവിനു പിന്നില്‍ വീണ്ടും മൂന്നാം സ്ഥാനത്തായിരുന്നു സ്ഥാനം.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?