'ഇന്ത്യ'യില്‍ കസേര ആടി തുടങ്ങിയെന്ന് മോദിക്ക് മനസിലായി; ഗ്യാസ് വില കുറച്ചതിന് 2 കാരണം ചൂണ്ടികാട്ടി കോണ്‍ഗ്രസ്

  • 29/08/2023

ദില്ലി: രാജ്യത്ത് പാചക വാതക വില കുറച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്ത്. കസേര ആടി തുടങ്ങിയെന്ന് മോദി തിരിച്ചറിഞ്ഞതിന്‍റെ ഫലമാണ് പാചക വാതക വില കുറച്ചതെന്നാണ് കോണ്‍ഗ്രസ് പ്രതികരണം. വില കുറയ്ക്കാനുള്ള കേന്ദ്ര തീരുമാനത്തിന് പിന്നില്‍ രണ്ട് കാരണങ്ങളാണ് ഉള്ളതെന്നും കോണ്‍ഗ്രസ് ചൂണ്ടികാട്ടി. കര്‍ണാടക മോഡല്‍ പ്രഖ്യാപനങ്ങളും, രാജ്യത്തെ പ്രതിപക്ഷ ഐക്യമായ 'ഇന്ത്യ' മുന്നണിയുടെ സമ്മര്‍ദ്ദവുമാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ഈ പുനരാലോചനക്ക് പിന്നിലെന്നാണ് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടത്.


അതേസമയം വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടുന്നതിനിടെ അടുക്കളയ്ക്ക് ആശ്വാസമാകുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇന്ന് രാവിലെ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തില്‍, ഗാര്‍ഹിക ഉപയോഗത്തിനായുള്ള പാചകവാതക സിലിണ്ടറുകളുടെ വില 200 രൂപ കുറയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. നാളെ മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. നിലവില്‍ ദില്ലിയില്‍ 14.2 കിലോ സിലിണ്ടറിന് 1103 രൂപയാണ് വില. ഇത് 903 രൂപയായി കുറയും.

പ്രധാന മന്ത്രി ഉജ്വല്‍ യോജന പദ്ദതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് നിലവില്‍ ഒരു സിലിണ്ടറിന് 200 രൂപ ഇളവ് ലഭിക്കുന്നുണ്ട്. ഇതിനു പുറമേ ഇന്ന് പ്രഖ്യാപിച്ച ഇളവും ലഭിക്കും. ഇതോടെ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 703 രൂപയ്ക്ക് സിലിണ്ടര്‍ ലഭിക്കും.

Related News