നിതീഷ് ഇല്ല, ജെഡിയുവിന്‍റെ അപ്രതീക്ഷിത നീക്കം; 'ഇന്ത്യ' കണ്‍വീനര്‍ സ്ഥാനത്തേക്ക് പേര് നിര്‍ദ്ദേശിച്ചു, 'ഖര്‍ഗെ വരട്ടെ'

  • 29/08/2023

ദില്ലി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിയെ നേരിടാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ രൂപീകരിച്ച സഖ്യമായ ഇന്ത്യൻ നാഷണല്‍ ഡെവലപ്‌മെന്റല്‍ ഇൻക്ലൂസീവ് അലയൻസ് (ഇന്ത്യ) യുടെ കണ്‍വീനര്‍ സ്ഥാനം ആര്‍ക്കാകും എന്നത് ഇപ്പോഴും സസ്പെൻസായി തുടരുകയാണ്. 26 പാര്‍ട്ടികളുള്ള 'ഇന്ത്യ' സഖ്യം ഇക്കാര്യത്തില്‍ ഒരു സമന്വയത്തിലെത്തുക എങ്ങനെയാകും എന്നതാണ് രാഷ്ട്രീയ ഇന്ത്യ ഉറ്റുനോക്കുന്നത്.

പട്നയിലെയും ബെംഗളുരുവിലെയും യോഗത്തിനു പിന്നാലെ മുംബൈയില്‍ അടുത്ത യോഗം ഈ മാസം 31 ന് ചേരാനിരിക്കെ ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ സജീവമാകുകയാണ്. ഉദ്ദവ് വിഭാഗം ശിവസേന നേതാക്കളടക്കമുള്ളവര്‍ ജെ ഡി യു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്‍റെ പേരാണ് കണ്‍വീനര്‍ സ്ഥാനത്തേക്ക് പരസ്യമായി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ശിവസേനയടക്കമുള്ളവരുടെ ആവശ്യം നിരാകരിച്ചുകൊണ്ടും കണ്‍വീനര്‍ സ്ഥാനത്തേക്ക് മറ്റൊരു പേര് നിര്‍ദ്ദേശിച്ചും ജെ ഡി യു ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.

പ്രതിപക്ഷ മുന്നണി 'ഇന്ത്യ'യുടെ കണ്‍വീനര്‍ സ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നാണ് ജെ ഡി യു ഇപ്പോള്‍ ആവശ്യപ്പെടുന്നത്. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജ്ജുൻ ഖര്‍ഗെ കണ്‍വീനറാകണമെന്ന ആവശ്യവും ജെ ഡി യു മുന്നോട്ട് വച്ചിട്ടുണ്ട്. ഖര്‍ഗെയ്ക്ക് ഏറ്റെടുക്കാൻ പറ്റില്ലെങ്കില്‍ കോണ്‍ഗ്രസില്‍ നിന്നുള്ള മറ്റേതെങ്കിലും നേതാവ് കണ്‍വീനര്‍ ആകണമെന്നും ജെ ഡി യു ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കണ്‍വീനര്‍ സ്ഥാനത്തേക്ക് നിതീഷ് എത്തില്ലെന്ന് ജെ ഡി യു വ്യക്തമാക്കിയിട്ടുണ്ട്.

Related News