പാചകവാതക വില കുറച്ച നടപടി നിരവധി കുടുംബങ്ങള്‍ക്ക് സന്തോഷം പകരും: പ്രധാനമന്ത്രി

  • 29/08/2023

പാചകവാതക വില കുറച്ച നടപടി നിരവധി കുടുംബങ്ങള്‍ക്ക് സന്തോഷം പകരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വീടുകള്‍ക്കുള്ളില്‍ സ്ത്രീകളുടെ ജീവിതം മെച്ചപ്പെടുത്താനും ഇത് സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള പാചകവാതക സിലണ്ടറുകളുടെ വില ഇരുന്നൂറ് രൂപയാണ് കേന്ദ്രസര്‍ക്കാര്‍ കുറച്ചത്. ഓണം - രക്ഷാ ബന്ധൻ ആഘോഷവേളയില്‍ പ്രധാനമന്ത്രിയുടെ സമ്മാനമെന്ന് കേന്ദ്രസ‍ര്‍ക്കാര്‍ അറിയിച്ചു. ഉജ്വല യോജന പദ്ധതിയിലുള്ളവര്‍ക്കുള്ള 200 രൂപ സബ്സിഡിക്ക് പുറമെയാണിത്.


വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടുന്നതിനിടെയാണ് അടുക്കളയ്ക്ക് ആശ്വാസമായി കേന്ദ്രസര്‍ക്കാറിന്റെ ഈ പ്രഖ്യാപനം. ഇന്ന് രാവിലെ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഗാര്‍ഹിക ഉപയോഗത്തിനായുള്ള പാചകവാതക സിലിണ്ടറുകളുടെ വില 200 രൂപ കുറയ്ക്കാൻ തീരുമാനിച്ചത്. നാളെ മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. നിലവില്‍ ദില്ലിയില്‍ 14.2 കിലോ സിലിണ്ടറിന് 1103 രൂപയാണ് വില. ഇത് 903 രൂപയായി കുറയും. പ്രധാന മന്ത്രി ഉജ്വല്‍ യോജന പദ്ദതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് നിലവില്‍ ഒരു സിലിണ്ടറിന് 200 രൂപ ഇളവ് ലഭിക്കുന്നുണ്ട്. 

ഇതിനു പുറമേ ഇന്ന് പ്രഖ്യാപിച്ച ഇളവും ലഭിക്കും. ഇതോടെ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 703 രൂപയ്ക്ക് സിലിണ്ടര്‍ ലഭിക്കും. കൊവിഡ് കാലത്ത് പാചക വാതക സബ്സിഡ് സര്‍ക്കാര്‍ ആരെയും അറിയിക്കാതെ എടുത്തു കളഞ്ഞിരുന്നു. അറുന്നൂറ് രൂപയ്ക്ക് കിട്ടിയിരുന്ന സിലിണ്ടറിൻറെ വില ഇതോടെ ആയിരത്തിനു മുകളിലെത്തി. വൻ പ്രതിഷേധം ഉയരുമ്ബോഴാണ് ഇത് ചെറുതായെങ്കിലും കുറയ്ക്കാൻ സര്‍ക്കാര്‍ തയ്യാറാവുന്നത്. 33 കോടി പേര്‍ക്ക് പുതിയ പ്രഖ്യാപനത്തിൻറെ ഗുണം കിട്ടുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

Related News