കണ്‍വീനറാകാന്‍ ഖര്‍ഗെയില്ല, കടുംപിടിത്തമില്ലെന്ന് കോണ്‍ഗ്രസ്; ഇന്ത്യ സഖ്യ യോഗം നാളെ മുംബൈയില്‍

  • 29/08/2023

ദില്ലി: 2024ലെ തെരഞ്ഞെടുപ്പില്‍ ബിജെപി സര്‍ക്കാരിനെ നേരിടാനായി പ്രതിപക്ഷം സഖ്യം രൂപീകരിച്ച ഇന്ത്യ സഖ്യ യോഗം നാളെ മുംബൈയില്‍ നടക്കും. ഇന്ത്യ മുന്നണിയുടെ കണ്‍വീനറെ നിശ്ചയിക്കുന്ന കാര്യത്തില്‍ യോഗത്തില്‍ ചര്‍ച്ച നടക്കും.  അതേസമയം, കണ്‍വീനറുടെ കാര്യത്തില്‍ കടുംപിടിത്തമില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. ഇന്ത്യ മുന്നണിയുടെ മൂന്നാമത്തെ യോഗമാണ് നടക്കുന്നത്. പാറ്റ്നയും ബാംഗ്ലൂരുവിലും യോഗം നടന്നിരുന്നു. അതിന് ശേഷമാണ് മുംബൈയില്‍ രണ്ട് ദിവസങ്ങളിലായി യോഗം ചേരുന്നത്. 


മുന്നണിക്ക് കണ്‍വീനര്‍ വേണോ അതോ ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെക്രട്ടേറിയറ്റ് വേണോ എന്നുള്ള കാര്യത്തില്‍ തീരുമാനം ഉണ്ടാവും. ഇക്കാര്യത്തില്‍ പാര്‍ട്ടികള്‍ക്കിടയില്‍ ഭിന്നതയുണ്ടെന്നാണ് വിവരം. മല്ലികാര്‍ജ്ജുൻ ഖര്‍ഗെ കണ്‍വീനര്‍ സ്ഥാനം ഏറ്റെടുക്കില്ലെന്ന നിലപാടിലാണ്. അതേസമയം, നിതീഷ് കുമാര്‍ കണ്‍വീനറാകുന്നതിനെ പിന്തുണച്ച്‌ കോണ്‍ഗ്രസും മമതയും രംഗത്തുണ്ട്. എന്നാല്‍ 
കണ്‍വീനര്‍ തല്‍ക്കാലം വേണ്ടെന്നാണ് ഇടതു പാര്‍ട്ടികളുടെ നിലപാട്.

പ്രധാനമായും രണ്ട് മൂന്ന് കാര്യങ്ങളാണ് ഇന്ത്യ യോഗത്തില്‍ ചര്‍ച്ചയാവുക. 'ഇന്ത്യ' കോര്‍ഡിനേഷൻ കമ്മിറ്റിയെക്കുറിച്ച്‌ യോഗത്തില്‍ ചര്‍ച്ച നടക്കും. സംയുക്ത റാലികള്‍ നടത്തുന്നതിനെ കുറിച്ചും ആലോചിക്കും. ചൈന പോലുള്ള വിഷയങ്ങളില്‍ സംയുക്ത നിലപാടിന് ചര്‍ച്ച നടക്കും. കോണ്ഡഗ്രസ് നേതാവ് സോണിയ ഗാന്ധിയും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം.

Related News