മണിപ്പൂര്‍ കലാപം; 27 കേസുകള്‍ സിബിഐ ഏറ്റെടുത്തു; സ്ത്രീകള്‍ക്കെതിരായ അതിക്രമം 19 കേസുകള്‍

  • 31/08/2023

ഇംഫാല്‍: മണിപ്പൂര്‍ കലാപത്തെ സംബന്ധിച്ച 27 കേസുകള്‍ സിബിഐ ഏറ്റെടുത്തു. ഇവയില്‍ 19 കേസുകള്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം സംബന്ധിച്ചുള്ളതാണ്. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ആയുധ മോഷണം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളിലും അന്വേഷണം നടത്തും. 53 അംഗ ഉദ്യോഗസ്ഥ സംഘമാണ് കേസുകള്‍ അന്വേഷിക്കുന്നത്. 


അതേ സമയം, മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷിക്കുന്ന കേസുകളുടെ വിചാരണ സുപ്രീം കോടതി അസമിലേക്ക് മാറ്റിയിരുന്നു. ന്യായമായ വിചാരണനടപടികള്‍ ഉറപ്പാക്കാനാണ് നടപടിയെന്ന് കോടതി വ്യക്തമാക്കി. വിചാരണയ്ക്കായി ജഡ്ജിമാരെ നിയമിക്കാൻ ഗുവാഹത്തി ഹൈക്കോടതിക്ക് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. മണിപ്പൂരിലെ നിലവിലെ സാഹചര്യവും കേസില്‍ നീതീ ഉറപ്പാക്കാൻ ന്യായമായ വിചാരണനടപടികള്‍ വേണമെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.

വിചാരണനടപടികള്‍ക്കായി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റും സെഷൻസ് ജഡ്ജിമാരെയും നിയമിക്കാൻ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. മണിപ്പൂരിലെ ഭാഷ അറിയുന്ന ജഡ്ജിമാരാകണം ഇവര്‍. പ്രതികളെ ഹാജരാക്കല്‍, റിമാൻഡ്, ജുഡീഷ്യല്‍ കസ്റ്റഡി, കസ്റ്റഡി നീട്ടല്‍ എന്നീ അപേക്ഷകള്‍ക്ക് ഈ ജഡ്ജിമാരെ സിബിഐ സമീപിക്കണം.

Related News